ന്യൂയോർക്ക്: ബാറ്റർമാരെ വട്ടം കറക്കുന്ന നാസ്സൊ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു ലോ സ്‌കോർ ത്രില്ലറിൽ ബംഗ്ലാദേശിനെ 4 റൺസിന് കീഴടക്കി ദക്ഷിണാഫ്രിക്ക. ഈ ജയത്തോടെ ട്വന്റി20 ലോകകപ്പിൽ ഏറ്റവും ചെറിയ ടോട്ടൽ പ്രതിരോധിച്ച് ജയം നേടിയ ടീമായി ദക്ഷിണാഫ്രിക്ക.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് വിജയത്തിനടുത്തെത്തിയെങ്കിലും 4 റൺസ് അകലെ അവരുടെ വെല്ലുവിളി അവസാനിച്ചു (109/7). അവസാന ഓവറിൽ ബംഗ്ലാദേശിന് ജയിക്കാൻ 11 റൺസ് വേണമായിരുന്നു.
എന്നാൽ ആ ഓവറിൽ ജാകെർ അലിയുടേയും (8), മഹമദുള്ളയുടേയും (27) വിക്കറ്റുകൾ വീഴ്ത്തിയ കേശവ് മഹാരാജ് 6 റൺസ് മാത്രം നൽകി ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. മഹാരാജ് മൂന്നും റബാഡയും നോർക്യയും 2 വിക്കറ്റ് വീതവും വീഴ്ത്തി. 37 റൺസെടുത്ത തൗഹിദ് ഹൃദോയിയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ.
നേരത്തേ 3 വിക്കറ്റ് വീഴ്ത്തിയ തൻസിം സാകിബും 2 വിക്കറ്റ് നേടിയ ടസ്‌കിനുമാണ് കരുത്തുറ്റ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. ഒരു ഘട്ടത്തിൽ 23/4 എന്ന നിലയിൽ പ്രതിസന്ധിയിലായ ദക്ഷിണാഫ്രിക്കയെ ഹെൻറിച്ച് ക്ലാസ്സനും (46), ഡേവിഡ് മില്ലറും (39) ചേർന്നാണ് കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്.
അഞ്ചാം വിക്കറ്റിൽ 79 പന്തിൽ ഇരുവരും 79 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ദക്ഷിണാഫ്രിക്കയെ 100 കടത്തി. ക്ലാസ്സനെ ക്ലീൻബൗൾഡാക്കി ടസ്‌കിനാണ് കൂട്ടുകെട്ട് പൊളിച്ചത്. ഗ്രൂപ്പ് ഡിയിൽ കളിച്ച 3 കളിയും ജയിച്ച ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്