രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് നഷ്ടമായേക്കും എന്ന് സൂചന. വാങ്കഡെ ടി20ക്ക് ഇടയിൽ സഞ്ജുവിന് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ആറ് ആഴ്ച സഞ്ജുവിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നേക്കും എന്നാണ് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ പരുക്കുമായി ബന്ധപ്പെട്ട് സഞ്ജു സാംസണോ ബി.സി.സി.ഐയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സഞ്ജുവിന്റെ കൈവിരലിന് പൊട്ടലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതേ തുടർന്ന് ആറാഴ്ചത്തെ വിശ്രമം സഞ്ജുവിന് വേണ്ടി വന്നേക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പര അവസാനിച്ചതോടെ സഞ്ജു തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ചെത്തി. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കാവും സഞ്ജു ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള റിഹാബിലിറ്റേഷനായി പോവുക എന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി എട്ടിനാണ് കേരളത്തിന്റെ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരം ആരംഭിക്കുന്നത്. ജമ്മു കശ്മീരാണ് കേരളത്തിന്റെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ ബിഹാറിനെ ഇന്നിങ്‌സിനും 169 റൺസിനുമാണ് കേരളം തോൽപ്പിച്ചത്. ഇതിലൂടെ ബോണസ് പോയിന്റ് നേടിയാണ് കേരളം രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ കടന്നത്.
വാങ്കഡെ ട്വന്റി20യിൽ ഇന്ത്യൻ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറുടെ പന്ത് കയ്യിൽ കൊണ്ടാണ് സഞ്ജുവിന് പരിക്കേറ്റത്. സഞ്ജുവിനെ ഇന്ത്യൻ ടീം ഫിസിയോ ക്രീസിലെത്തി പരിശോധിച്ചു. പരിക്കേറ്റിട്ടും ബാറ്റിങ് തുടരാനാണ് സഞ്ജു തീരുമാനിച്ചത്. എന്നാൽ ഇംഗ്ലണ്ടിനെതിരെ അവസാന ടി20യിൽ 16 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
ഐപിഎൽ നഷ്ടമാവുമോ?
വാങ്കഡെയിൽ ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിന്റെ സമയം വിക്കറ്റ് കീപ്പ് ചെയ്തത് സഞ്ജുവിന് പകരം ധ്രുവ് ജുറെലാണ്. ഡഗൗട്ടിലിരിക്കുന്ന സഞ്ജുവിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതോടെ സഞ്ജുവിന്റെ പരിക്ക് സാരമുള്ളതാണോ എന്ന ആശങ്ക ഉടലെടുത്തിരുന്നു. എന്നാൽ മുൻകരുതലിന്റെ ഭാഗമായാണ് സഞ്ജു മത്സരത്തിൽ വിക്കറ്റ് കീപ്പ് ചെയ്യാതിരുന്നത് എന്നാണ് ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ.
പരിക്കിനെ തുടർന്ന് സഞ്ജുവിന് ഐ.പി.എൽ നഷ്ടമാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മാർച്ച് 21നാണ് ഐ.പി.എൽ ആരംഭിക്കുന്നത്. ഈ സമയം ആവുമ്പോഴേക്കും സഞ്ജുവിന് പരിക്കിൽ നിന്ന് മുക്തനാവാൻ സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ക്യാപ്ടൻ സഞ്ജുവിന്റെ സാന്നിധ്യം രാജസ്ഥാൻ റോയൽസിന് ഏറെ നിർണായകമാണ്. സഞ്ജുവിന് ഐ.പി.എൽ മത്സരങ്ങൾ നഷ്ടമായാൽ അത് രാജാസ്ഥാന് വലിയ തിരിച്ചടിയാവും.
ഇംഗ്ലണ്ടിന് എതിരായ പരമ്പരയിൽ മോശം ഫോമിലാണ് സഞ്ജു കളിച്ചത്. അഞ്ച് കളിയിൽ നിന്ന് നേടിയത് 51 റൺസ് മാത്രം. ഈഡൻ ഗാർഡൻസിൽ നേടിയ 26 റൺസ് ആണ് പരമ്പരയിലെ സഞ്ജുവിന്റെ ഉയർന്ന സ്‌കോർ. അഞ്ച് കളിയിലും ഷോർട്ട് പിച്ച് പന്തിലാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയത്. അതിൽ ആദ്യ മൂന്ന് കളിയിലും സഞ്ജുവിനെ പുറത്താക്കിയത് ആർച്ചറാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്