സെവിയ്യയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡിന്. ജൂഡ് ബെല്ലിംഗ്ഹാമും കെലിയൻ എംബാപ്പെയും റയലിനായി ഗോൾ നേടി. 10 പേരുമായിട്ടാണ് സെവിയ്യ ഭൂരിഭാഗം സമയവും കളിച്ചത്. ലാ ലിഗയുടെ ശീതകാല ഇടവേളയ്ക്ക് ശേഷം ജനുവരി 4ന് റയൽ ബെറ്റിസിനെതിരെയാണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം.
38-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഹെഡറിലൂടെയാണ് റയൽ മാഡ്രിഡ് ലീഡെടുത്തത്. പിന്നീട്, 86-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് കെലിയൻ എംബാപ്പെ റയലിന്റെ വിജയമുറപ്പിച്ചു. തുടർച്ചയായ ഫൗളുകൾക്ക് രണ്ട് മഞ്ഞക്കാർഡ് കണ്ട് പുറത്തായ മർക്കാവോ കാരണം സെവിയ്യക്ക് ഭൂരിഭാഗം സമയവും 10 പേരുമായി കളിക്കേണ്ടി വന്നു. മത്സരത്തിന്റെ ഇടവേളയിൽ സെവിയ്യ പരിശീലകൻ മാറ്റിയാസ് അൽമെയ്ഡയെയും റെഫറി ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കിയിരുന്നു. തുടർച്ചയായി രണ്ട് മത്സരങ്ങൾ തോറ്റതിന് ശേഷമാണ് റയൽ മാഡ്രിഡ് ഈ വിജയത്തിലേക്ക് എത്തിയത്.
ഒരു കളിക്കാരൻ കുറവായിട്ടും സെവിയ്യ റയൽ പ്രതിരോധത്തിൽ വിള്ളലുകൾ സൃഷ്ടിച്ച് നിരവധി ഗോളവസരങ്ങൾ ഉണ്ടാക്കി. 37കാരനായ അലക്‌സിസ് സാഞ്ചസും റൈറ്റ് ബാക്ക് യുവാൻലു സാഞ്ചസും സെവിയ്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. റയൽ ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസ് അലക്‌സിസ്, ഐസക് റൊമേറോ, അൽഫോൻസോ ഗോൺസാലസ് എന്നിവരുടെ നാല് ഷോട്ടുകൾ തടഞ്ഞ് റയലിന്റെ ലീഡ് നിലനിർത്തി. ആദ്യ പകുതിയിൽ തന്നെ സെവിയ്യക്ക് മുന്നിലെത്താൻ അവസരങ്ങൾ ലഭിച്ചിരുന്നു.
സെവിയ്യക്കെതിരെ ഒരു ഗോൾ നേടിയതോടെ എംബാപ്പെ തന്റെ 27-ാം ജന്മദിനം റെക്കോർഡ് നേട്ടത്തോടെ ആഘോഷമാക്കി മാറ്റി. ഒരു കലണ്ടർ വർഷം റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റൊണാൾഡോയുടെ റെക്കോർഡിനൊപ്പമാണെത്തിയത്. 2013ൽ റൊണാൾഡോ നേടിയ 59 ഗോളുകൾ എന്ന നാഴികകല്ലാണ് മത്സരത്തിന്റെ 86-ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി ഗോളിലൂടെ 2025ൽ തന്റെ 59-ാം മത്സരത്തിൽ എംബാപ്പെ ഒപ്പമെത്തിയത്. ഗോൾ നേട്ടത്തിനു ശേഷം തന്റെ ആരാധ്യപുരഷനായ റൊണാൾഡോയുടെ ഐതിഹാസികമായ 'സി യു' സെലിബ്രേഷൻ അനുകരിച്ചാണ് താരം ഈ നേട്ടം ആഘോഷിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
