കൊല്‍ക്കത്ത: ഐപിഎല്‍ 2025 ല്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് വിജയത്തുടക്കം. ശനിയാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ (കെകെആര്‍) 7 വിക്കറ്റിന് ആര്‍സിബി പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ മികച്ച അര്‍ദ്ധസെഞ്ച്വറി (31 പന്തില്‍ 56) ആയിരുന്നു കൊല്‍ക്കത്തയുടെ കരുത്ത്.
മറുപടിയായി, ഫിലിപ്പ് സാള്‍ട്ട് (31 പന്തില്‍ 56), വിരാട് കോഹ്ലി (36 പന്തില്‍ 59*) എന്നിവരുടെ ബാറ്റിംഗിലൂടെ ആര്‍സിബി 16.2 ഓവറില്‍ ലക്ഷ്യം പിന്തുടര്‍ന്നു. കെകെആറിനെതിരായ തുടര്‍ച്ചയായ നാല് തോല്‍വികളുടെ പരമ്പര ആര്‍സിബി ഈ വിജയത്തോടെ അവസാനിപ്പിച്ചു.
ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ കൊല്‍ക്കത്തയെ ബാറ്റിംഗിനയച്ചു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഡികോക്കിനെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈയിലെത്തിച്ച് ഹേസല്‍വുഡിന്റെ പ്രഹരം. എന്നാല്‍ അടുത്ത 9 ഓവറുകളില്‍ ആര്‍സിബി ബോളര്‍മാരെ കെകെആര്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും സുനില്‍ നരെയ്‌നും ചേര്‍ന്ന് നിലം തൊടാതെ പ്രഹരിച്ചു. പത്താം ഓവറില്‍ കെകെആര്‍ 100 കടന്നു.
നരെയ്‌നെ (44) പുറത്താക്കി റസീഖ് സലാം കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത ഓവറില്‍ ക്രുണാല്‍ പാണ്ഡ്യ രഹാനെയെ (56) വീഴ്ത്തി. ഇതോടെ ആര്‍സിബി മല്‍സരത്തിലേക്ക് വലിയ തിരിച്ചുവരവ് നടത്തി. വെങ്കടേഷ് അയ്യര്‍ (6), റിങ്കു സിംഗ് (12) എന്നിവരെ ക്രുണാലും അപകടകാരിയായ ആന്ദ്രെ റസലിനെ (4) സുയാഷ് ശര്‍മയും പുറത്താക്കിയതോടെ സ്‌കോര്‍ 6ന് 150. അംഗക്രിഷ് രഘുവംശി 22 പന്തില്‍ 30 റണ്‍സുമായി തിളങ്ങിയെങ്കിലും 174 റണ്‍സേ കെകെആറിന് നേടാനായുള്ളൂ. അവസാന 10 ഓവര്‍ പിടിച്ചെറിഞ്ഞ ആര്‍സിബി ബോളര്‍മാര്‍ 70 റണ്‍സേ വിട്ടുകൊടുത്തുള്ളൂ.
4 ഓവറില്‍ 29 റണ്‍സ് വഴങ്ങി ക്രുണാല്‍ പാണ്ഡ്യ 3 വിക്കറ്റ് വീഴ്ത്തി. പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ ഹേസല്‍വുഡ് 2 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ഫില്‍ സോള്‍ട്ടും വിരാട് കോഹ്ലിയും കെകെആര്‍ ബൗളര്‍മാരെ നിലം പരിശാക്കി. ഇരുവരും തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറികള്‍ കുറിച്ചു. 31 പന്തില്‍ 56 റണ്‍സെടുത്ത സാള്‍ട്ട് പുറത്തായപ്പോഴേക്കും 8.3 ഓവറില്‍ 95 റണ്‍സ് നേടിക്കഴിഞ്ഞിരുന്നു ആര്‍സിബി. 16 പന്തില്‍ 34 റണ്‍സുമായി ക്യാപ്റ്റന്‍ രജത് പാട്ടീദാറും തിളങ്ങി. 16.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി വിജയം കണ്ടു. 36 പന്തില്‍ 59 റണ്‍സുമായി വിരാട് കോഹ്ലി പുറത്താവാതെ നിന്നു. ക്രുണാല്‍ പാണ്ഡ്യയാണ് കളിയിലെ താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്