അണ്ടർ19 ഏഷ്യാകപ്പ് കിരീടത്തിൽ മുത്തമിട്ട് പാകിസ്ഥാൻ. ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാൻ ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കിയത്. പാകിസ്ഥാൻ മുന്നോട്ടുവെച്ച 348 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 26.2 ഓവറിൽ 156 റൺസിന് പുറത്തായി. 191 റൺസിന്റെ ഉജ്ജ്വല വിജയമാണ് പാകിസ്ഥാൻ നേടിയത്.
എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന വൈഭവ് സൂര്യവൻഷി ടീമിന് മിന്നുന്ന തുടക്കമാണ് ഇട്ടത്. എന്നാൽ പത്തുപന്തിൽ മൂന്ന് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 26 റൺസിൽ നിൽക്കെ സൂര്യവൻഷി പുറത്തായതോടെ ഇന്ത്യയുടെ തകർച്ച തുടങ്ങി. ഇന്ത്യൻ സ്‌കോർ ബോർഡിൽ അഞ്ചുപേർ മാത്രമാണ് രണ്ടക്കം കടന്നത്. പാകിസ്ഥാന് വേണ്ടി നാലുവിക്കറ്റ് നേടിയ അലി റാസയാണ് ഇന്ത്യയുടെ തകർച്ചയ്ക്ക് ആക്കംകൂട്ടിയത്.
നിശ്ചിത 50 ഓവറിൽ പാകിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 347 റൺസാണെടുത്തത്. സെഞ്ച്വറി നേടിയ ഓപ്പണിങ് ബാറ്റർ സമീർ മിൻഹാസിന്റെ പ്രകടനമാണ് പാകിസ്ഥാനെ സുരക്ഷിതമായ സ്‌കോറിലേക്കെത്തിച്ചത്. 113 പന്തുകൾ നേരിട്ട മിൻഹാസ് 172 റൺസടിച്ചു പുറത്തായി. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രൻ മൂന്ന് വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ഓപ്പണർ സമീർ മിൻഹാസും ഹംസ സഹൂറും മികച്ച തുടക്കം നൽകിയതോടെ ടീം മൂന്നോവറിൽ 25ലെത്തി. എന്നാൽ നാലാം ഓവറിൽ 18 റൺസെടുത്ത് സഹൂർ പുറത്തായി. രണ്ടാം വിക്കറ്റിൽ ഒന്നിച്ച മിൻഹാസും ഉസ്മാൻ ഖാനും സ്‌കോറുയർത്തി.
ഇരുവരും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തി. 71 പന്തുകളിൽനിന്നാണ് സമീർ സെഞ്ചുറിയിലെത്തിയത്. ഒൻപതു സിക്‌സുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അണ്ടർ 19 ഫോർമാറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. പാകിസ്ഥാനു വേണ്ടി അഹമ്മദ് ഹുസെയ്ൻ (72 പന്തിൽ 56) അർധ സെഞ്ചുറി നേടി.
ഉസ്മാൻ ഖാൻ (45 പന്തിൽ 35), ഫർഹാൻ യൂസഫ് (18 പന്തിൽ 19), ഹംസ സഹൂർ (14 പന്തിൽ 18) എന്നിവരാണു പാകിസ്ഥാന്റെ മറ്റു പ്രധാന സ്‌കോറർമാർ. ഇന്ത്യൻ ബോളർമാരിൽ ദീപേഷ് രവീന്ദ്രൻ മൂന്നും ഹേനിൽ പട്ടേൽ, ഖിലൻ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. കനിഷ്‌ക് ചൗഹാന് ഒരു വിക്കറ്റുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
