അയർലൻഡിനെതിരായ ഏക ടെസ്റ്റിനും ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുമുള്ള 19 അംഗ ജംബോ ടെസ്റ്റ് സ്‌ക്വാഡിനെ ന്യൂസിലൻഡ് പ്രഖ്യാപിച്ചു.
പരിക്കിനെത്തുടർന്ന് ദീർഘകാലം വിട്ടുനിന്ന പേസ് ബൗളർമാരായ കൈൽ ജാമിസണും വിൽ ഓറൂർക്കും ടീമിലേക്ക് തിരിച്ചെത്തിയതാണ് കിവി നിരയ്ക്ക് ആവേശം നൽകുന്ന പ്രധാന വാർത്ത.
35-ാം വയസ്സിലും കരിയറിനെക്കുറിച്ച് ഓരോ പരമ്പരയ്ക്ക് ശേഷവും തീരുമാനമെടുക്കുന്ന ബാറ്റിംഗ് ഇതിഹാസം കെയ്ൻ വില്യംസണും ടീമിലുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിലൂടെ ഓൾറൗണ്ടർ ഡീൻ ഫോക്‌സ്‌ക്രോഫ്റ്റ് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് പേസർ ജേക്കബ് ഡഫി ഈ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കും.
രണ്ട് വർഷത്തിലേറെയായി നടുവിനേറ്റ പരിക്കിനെത്തുടർന്ന് ചികിത്സയിലായിരുന്ന ജാമിസൺ പൂർണ്ണ കായികക്ഷമത വീണ്ടെടുത്താണ് മടങ്ങിയെത്തുന്നത്.
മാറ്റ് ഹെൻറി, ബെൻ സിയേഴ്‌സ് എന്നിവർക്കൊപ്പം ജാമിസണും ഓറൂർക്കും ചേരുന്നതോടെ ന്യൂസിലൻഡിന്റെ പേസ് നിര കൂടുതൽ ശക്തമാകും. പ്ലങ്കറ്റ് ഷീൽഡിലെ മികച്ച ബാറ്റിംഗിലൂടെ ഹെൻറി നിക്കോൾസും ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. പരിചയസമ്പന്നരും യുവതാരങ്ങളും ഒത്തുചേരുന്ന ഈ ടീമിന് ജൂൺ 4ന് ലോർഡ്‌സിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐ.പി.എൽ ഫൈനലിന് ശേഷം സൂപ്പർ താരങ്ങൾ കൂടി എത്തുന്നതോടെ റെഡ് ബോൾ ക്രിക്കറ്റിൽ വലിയ ആധിപത്യം സ്ഥാപിക്കാനാണ് ന്യൂസിലൻഡ് ലക്ഷ്യമിടുന്നത്.
ന്യൂസിലൻഡ് ടെസ്റ്റ് ടീം: ടോം ലാതം (ക്യാപ്ടൻ), ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ക്രിസ്റ്റ്യൻ ക്ലാർക്ക് (അയർലൻഡ് ടെസ്റ്റ് മാത്രം), ഡെവൺ കോൺവേ, സാക്ക് ഫോൾക്‌സ്, ഡീൻ ഫോക്‌സ്‌ക്രോഫ്റ്റ്, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, വിൽ ഒ'റൂർക്ക്, ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ റേ (അയർലൻഡ് ടെസ്റ്റ് മാത്രം), റാച്ചിൻ രവീന്ദ്ര, ബെൻ സിയേഴ്‌സ് (അയർലൻഡ് ടെസ്റ്റ്, ഇംഗ്ലണ്ട് ടെസ്റ്റുകൾക്കുള്ള റിസേർവ്), നഥാൻ സ്മിത്ത്, ബ്ലെയർ ടിക്‌നർ, കെയ്ൻ വില്യംസൺ, വിൽ യംഗ് (അയർലൻഡ് ടെസ്റ്റ് മാത്രം).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
