ലോകകപ്പ് വേദികളിൽ നെതർലൻഡ്‌സിനെ വേട്ടയാടുന്ന പെനാൽറ്റി ഷൂട്ടൗട്ട് ശാപം ഇത്തവണയും ഒഴിഞ്ഞുപോയില്ല. ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ മുൻ റണ്ണേഴ്‌സ് അപ്പുകളായ നെതർലൻഡ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി മൊറോക്കോ പ്രീക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2നാണ് മൊറോക്കോ ജയിച്ചുകയറിയത്.
ഷൂട്ടൗട്ടിൽ നെതർലൻഡ്‌സ് മൂന്ന് കിക്കുകൾ പാഴാക്കിയപ്പോൾ മൊറോക്കോ രണ്ട് കിക്കുകൾ നഷ്ടമാക്കി. നിർണായക അഞ്ചാം കിക്ക് ഗോളാക്കി ഇസ്മയിൽ സൈബാരിയാണ് മൊറോക്കോക്ക് ചരിത്ര ജയം സമ്മാനിച്ചത്. നേരത്തെ നിശ്ചിത സമയത്ത് ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാനായിരുന്നില്ല.
മൊറോക്കൻ ആക്രമണങ്ങൾക്ക് മുന്നിൽ നെതർലൻഡ്‌സ് വിറച്ചെങ്കിലും ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. എന്നാൽ രണ്ടാം പകുതിയുടെ 72-ാം മിനിറ്റിൽ കോഡി ഗാക്‌പോയുടെ ഗോളിലൂടെ നെതർലൻഡ്‌സ് ലീഡെടുത്തു. ഒരു ഗോൾ ജയവുമായി നെതർലൻഡ്‌സ് പ്രീ ക്വാർട്ടർ ഉറപ്പിച്ചുവെന്ന് കരുതിയപ്പോഴാണ് ഇഞ്ചുറി ടൈമിൽ(90+1)ഇസാ ഡിയോപിന്റെ മിന്നൽ ഹെഡൽ നെതർലൻഡ്‌സ് ഹൃദയം തകർത്ത് വല തുളച്ചത്.
വിജയം ഉറപ്പിച്ചിരിക്കെ വന്ന അപ്രതീക്ഷിത ഗോൾ നെതർലൻഡ്‌സിന് കനത്ത ആഘാതമായി. എക്‌സ്ട്രാ ടൈമിൽ മൊറോക്കോ പലവട്ടം ഗോളിന് അടുത്തെത്തിയെങ്കിലും ഗോൾ കീപ്പർ ബാർട് വെർബ്രഗ്ഗന്റെ മിന്നും സേവുകൾ അവർക്ക് രക്ഷയായി.
എന്നാൽ ഷൂട്ടൗട്ടിൽ വെർബ്രഗ്ഗന് നെതർലൻഡ്‌സിനെ രക്ഷിക്കാനായില്ല. നെതർലൻഡ്‌സിന്റെ ജസ്റ്റിൻ ക്ലൈവർട്ട്, ക്വിന്റൻ ടിംബർ, സമ്മർവില്ലെ എന്നിവർ കിക്കുകൾ പാഴാക്കിയപ്പോൾ മൊറോക്കോയുടെ നെയ്ൽ എൽ അയ്‌നോയിയുടെയും ക്യാപ്ടൻ അഷ്‌റഫ് ഹക്കീമിയുടെ കിക്കുകൾ പാഴായി.
ഡച്ച് താരം ക്രിസെൻസിയോ സമ്മർവില്ലെ എടുത്ത നിർണ്ണായകമായ അഞ്ചാം കിക്ക് ഇടതുകൈകൊണ്ട് തട്ടിയകറ്റി മൊറോക്കൻ ഗോളി യാസിൻ ബോണോ മത്സരത്തിലെ ഹീറോയായി മാറി.
തൊട്ടുപിന്നാലെ മൊറോക്കോയ്ക്കായി കിക്ക് എടുക്കാനെത്തിയ ഇസ്മായിൽ സായ്ബാരി ഡച്ച് ഗോളി ബാർട്ട് വെർബ്രൂഗനെ പൂർണ്ണമായും കബളിപ്പിച്ച് പന്ത് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് അനായാസം എത്തിച്ചതോടെ മൊറോക്കോ വിജയം പ്രീ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
