സെമി ഫൈനലിൽ സ്പെയിനോട് തോറ്റ് ഫ്രാൻസിന്‍റെ തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ എന്ന സ്വപ്നം തകർന്നടിഞ്ഞെങ്കിലും, ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുടെ വ്യക്തിഗത പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല. ഫ്രാൻസിന്റെ കിരീട മോഹങ്ങൾ അവസാനിച്ച മണ്ണിലും ടൂർണമെന്റിലെ ടോപ്പ് സ്കോറർക്കുള്ള 'ഗോൾഡൻ ബൂട്ട്' പുരസ്കാരവും, ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡും ലക്ഷ്യമിട്ട് എംബാപ്പെ കുതിക്കുകയാണ്.
നിലവിൽ 8 ഗോളുകളുമായി എംബാപ്പെ തന്നെയാണ് ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലുള്ളത്. അർജന്റീന നായകൻ ലയണൽ മെസ്സിക്കും 8 ഗോളുകളുണ്ടെങ്കിലും, അസിസ്റ്റുകളുടെ എണ്ണത്തിലുള്ള മുൻതൂക്കമാണ് (എംബാപ്പെ 3, മെസ്സി 2) ഫ്രഞ്ച് നായകനെ ഒന്നാം സ്ഥാനത്ത് നിലനിർത്തുന്നത്. ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം എന്നിവർ 6 ഗോളുകളുമായി തൊട്ടുപിന്നിലുണ്ട്.
ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിന് ഇനി ഒരു മത്സരം മാത്രം ബാക്കിയുള്ളപ്പോൾ, സെമിയിൽ ജയിക്കുന്ന ടീമിലെ താരങ്ങൾക്ക് ഫൈനൽ ഉൾപ്പെടെ രണ്ട് മത്സരങ്ങൾ ലഭിക്കുമെന്നത് എംബാപ്പെക്ക് വലിയ വെല്ലുവിളിയാണ്.ഗോൾഡൻ ബൂട്ട് വിജയിയെ നിശ്ചയിക്കുന്നതിൽ മൂന്നാം സ്ഥാനക്കാർക്കായുള്ള പ്ലേ-ഓഫ് (ലൂസേഴ്സ് ഫൈനൽ) മത്സരം നിർണ്ണായകമാകുന്നത് ഫുട്ബോൾ ചരിത്രത്തിൽ അപൂർവ്വമാണ്.
ഇതിന് മുൻപ് 1958 ലോകകപ്പിലാണ് സമാനമായ സംഭവം ഉണ്ടായത്. അന്ന് ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ൻ വെസ്റ്റ് ജർമ്മനിക്കെതിരായ ലൂസേഴ്സ് ഫൈനലിൽ 4 ഗോളുകൾ അടിച്ചുകൂട്ടി, ഒരൊറ്റ ലോകകപ്പിൽ 13 ഗോളുകൾ എന്ന ഇന്നേവരെ തകർക്കപ്പെടാത്ത റെക്കോർഡോടെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു.
2022-ൽ 8 ഗോളുകളോടെ ഗോൾഡൻ ബൂട്ട് നേടിയ എംബാപ്പെ, ഇത്തവണയും അത് നിലനിർത്തി തുടർച്ചയായ രണ്ടാം തവണയും പുരസ്കാരം സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ഹാരി കെയ്ൻ 2018-ൽ ഇത് നേടിയിട്ടുണ്ടെങ്കിലും സാക്ഷാൽ ലിയോണൽ മെസ്സിക്ക് ഇതുവരെ കരിയറിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
സ്പെയിനെതിരായ മത്സരത്തിൽ ഗോൾ നേടാനായില്ലെങ്കിലും മറ്റൊരു ചരിത്ര റെക്കോർഡിന് തൊട്ടരികിലാണ് 27-കാരനായ ഫ്രഞ്ച് നായകൻ. വെറും 21 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 20 ഗോളുകളാണ് എംബാപ്പെയുടെ പേരിലുള്ളത്. 21 ഗോളുകളുള്ള ലയണൽ മെസ്സിയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോൾ വേട്ടക്കാരുടെ റെക്കോർഡിന് തൊട്ടുപിന്നിലാണ് എംബാപ്പെ ഇപ്പോൾ.
ഇംഗ്ലണ്ടിനെതിരായ സെമിയിൽ മെസ്സി സ്കോർ ചെയ്യാതിരിക്കുകയും, ശനിയാഴ്ച മിയാമിയിൽ നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ എംബാപ്പെ ഗോൾ നേടുകയും ചെയ്താൽ മെസ്സിയുടെ റെക്കോർഡ് ഈ ലോകകപ്പിൽ തന്നെ എംബാപ്പെക്ക് മറികടക്കാനാകും. പ്രായം അനുകൂലമായതിനാൽ വരാനിരിക്കുന്ന ലോകകപ്പുകളിൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനെന്ന റെക്കോർഡ് എംബാപ്പെ തിരുത്തിയെഴുതുമെന്ന് ഉറപ്പാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
