അത്ലറ്റിക്സിന്റെ ആദ്യ ദിവസം പൊന്നിൽതൊടാനായില്ലെങ്കിലും ദേശീയ ഗെയിംസിൽ ഇന്നലെ കേരളം വേട്ടയാടിപ്പിടിച്ചത് എട്ടുമെഡലുകൾ. തായ്‌ക്കൊണ്ടോയിൽ ഒരു സ്വർണവും നാലുവെങ്കലങ്ങളും അത്‌ലറ്റിക്‌സിൽ മൂന്നുവെങ്കലങ്ങളുമാണ് കേരളത്തിന്റെ അക്കൗണ്ടിലെത്തിയത്.
വനിതകളുടെ 67 കി.ഗ്രാം തായ്‌ക്കൊണ്ടോയിൽ മാർഗരറ്റ് മരിയ റെജിയാണ് ഇന്നലെ സ്വർണം നേടിയത്. 63 കിലോ വിഭാഗത്തിൽ ശ്രീജിത്ത്.ബി,53 കിലോ വിഭാഗത്തിൽ ശിവാംഗി.സി,80 കിലോ വിഭാഗത്തിൽ മനു ജോർജ് എന്നിവരും ലയ ഫാത്തിമ, സേബ, കർണിക എന്നിവരടങ്ങിയ ടീമുമാണ് തായ്‌ക്കൊണ്ടോയിലെ വെങ്കല ജേതാക്കൾ. അത്‌ലറ്റിക്‌സിൽ വനിതകളുടെ പോൾവാട്ടിൽ മരിയ ജയ്‌സൺ, പുരുഷ ലോംഗ്ജമ്പിൽ അനുരാഗ് സി.വി, ഡിസ്‌കസ് ത്രോയിൽ അലക്‌സ് പി.തങ്കച്ചൻ എന്നിവർ വെങ്കലം നേടി.
ഇതോടെ കേരളത്തിന്റെ ആകെ മെഡലുകളുടെ എണ്ണം 11 സ്വർണവും ഒൻപത് വെള്ളിയും 14 വെങ്കലങ്ങളുമടക്കം 34 ആയി. പട്ടികയിൽ ഒൻപതാമതാണ് കേരളം ഇപ്പോൾ.
ദേശീയ ഗെയിംസ് സ്വർണത്തിൽ ഹാട്രിക് തികച്ച് മാർഗരറ്റ് മരിയ റെജി
2015ൽ കേരളം ആതിഥ്യം വഹിച്ചപ്പോൾ തുടങ്ങിയതാണ് ദേശീയ ഗെയിംസിലെ മരിയ മാർഗരറ്റ് റെജിയുടെ പൊന്നുവേട്ട. 2022ൽ ഗുജറാത്തിൽ തായ്‌ക്കൊണ്ടോ ഒഴിവാക്കിയിരുന്നില്ലെങ്കിൽ മാർഗരറ്റിന്റെ കഴുത്തിൽ കിടക്കുന്ന സ്വർണമെഡലുകളുടെ എണ്ണം നാലായേനെ. 2023ൽ ഗോവയിലും പൊന്നണിഞ്ഞ ഈ താരം ഇന്നലെ ഹാട്രിക്കാണ് തികച്ചത്.
ദേശീയ ഗെയിംസായിക്കോട്ടെ, ദേശീയ ചാമ്പ്യൻഷിപ്പായിക്കോട്ടെ, സൗത്ത് ഏഷ്യൻ ഗെയിംസായിക്കോട്ടെ മാർഗരറ്റ് ഉണ്ടെങ്കിൽ സ്വർണമുറപ്പാണെന്നാണ് തായ്‌ക്കൊണ്ടോ താരങ്ങളും പരിശീലകരും പറയുന്നത്. കോട്ടയം സൗത്ത് കല്ലറക്കാരിയായ മാർഗരറ്റ് നേരത്തേ കേരള റവന്യൂ വകുപ്പിൽ ജീവനക്കാരിയായിരുന്നു. ഇപ്പോൾ മുംബയ്‌യിൽ ഇൻകം ടാക്‌സിലാണ്.
മിന്നിയില്ല, പൊന്നായില്ല
ദേശീയ ഗെയിംസിലെ അത്ലറ്റിക്‌സിന്റെ ആദ്യ ദിനം കേരളത്തിന്റെ പ്രതീക്ഷകൾ പൊന്നണിഞ്ഞില്ല. മൂന്ന് വെങ്കലങ്ങളിലൊതുങ്ങി അത്ലറ്റിക്‌സിലെ കേരള പ്രതാപം. വനിതകളുടെ പോൾവാട്ടിൽ മരിയ ജയ്‌സണും പുരുഷ ലോംഗ്ജമ്പിൽ അനുരാഗ് സി.വിയും ഡിസ്‌കസ് ത്രോയിൽ അലക്‌സ് .പി.തങ്കച്ചനുമാണ് വെങ്കലങ്ങൾ നേടിയത്.
പോൾവാട്ടിൽ നിന്ന് ലോംഗ്ജമ്പിലേക്ക് മാറുകയും അവിടെ നിന്ന് വീണ്ടും പോൾവാട്ടിലേക്ക് എത്തുകയും ചെയ്ത മരിയ 3.90 മീറ്റർ ചാടിയാണ് ഇന്നലെ വെങ്കലത്തിലേക്ക് എത്തിയത്. തമിഴ്‌നാടിനാണ് ഈയിനത്തിലെ സ്വർണവും വെള്ളിയും. 3.95 മീറ്റർ ക്‌ളിയർ ചെയ്ത പവിത്ര വെങ്കടേഷ് സ്വർണം നേടിയപ്പോൾ 3.90 മീറ്റർ മരിയയേക്കാൾ കുറഞ്ഞചാൻസിൽ ക്ലിയർ ചെയ്ത ബർണിക്ക ഇളങ്കോവൻ വെള്ളിയിലെത്തി. 3.80 മീറ്റർ ചാടിയ കേരളത്തിന്റെ കൃഷ്ണ രചൻ അഞ്ചാമതായി.
അനുരാഗിന്റെ വെങ്കലച്ചാട്ടം
ഇന്റർ യൂണിവേഴ്‌സിറ്റി മീറ്റിൽ 7.90 മീറ്റർ ചാടി റെക്കാഡിട്ടിരുന്ന കേരള താരം അനുരാഗ് സി.വി ഇന്നലെ പുരുഷ ലോംഗ് ജമ്പിൽ ചാടിയത് 7.56 മീറ്റർ മാത്രം. അനുരാഗിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നപ്പോൾ 7.70 മീറ്റർ ചാടിയ ഉത്തർപ്രദേശിന്റെ ഷാനവാസ് ഖാൻ സ്വർണം നേടി.
അലക്‌സിന്റെ അപ്രതീക്ഷിത വെങ്കലം
ഇന്നലെ കേരളം അത്ര പ്രതീക്ഷിക്കാതിരുന്നതാണ് അലക്‌സ് പി.തങ്കച്ചന്റെ വെങ്കലം. ഉത്തരേന്ത്യക്കാരുടെ കുത്തകയായ ഡിസ്‌കസ് ത്രോയിൽ 52.79 മീറ്റർ എറിഞ്ഞാണ് അലക്‌സ് വെങ്കലത്തിലെത്തിയത്. 55.01 മീറ്റർ എറിഞ്ഞ സർവീസസിന്റെ ഗഗൻദീപിനാണ് സ്വർണം.
റെക്കോർഡിനൊപ്പമെത്തി അനിമേഷ് വേഗരാജാവ്
പുരുഷ വിഭാഗം 100 മീറ്ററിൽ ഒഡിഷയുടെ അനിമേഷ് ഗെയിംസ് റെക്കോർഡിനൊപ്പമെത്തി ഗെയിംസിലെ ഏറ്റവും വേഗമേറിയ താരമായി. 10.28 സെക്കൻഡിലാണ് അനിമേഷ് ഫിനിഷ് ചെയ്തത്. 2022 ഗെയിംസിൽ അസാമിന്റെ അംലൻ ബോർഗോഹെയ്ൻ സ്ഥാപിച്ചിരുന്ന റെക്കോർഡിനൊപ്പമാണ് അനിമേഷ് ഓടിയെത്തിയത്.
വനിതകളുടെ 100 മീറ്ററിൽ 11.76 സെക്കൻഡിൽ ഫിനിഷ് ചെയ്ത മഹാരാഷ്ട്രയുടെ സുദേശ്‌ന ശിവാങ്കറിനാണ് സ്വർണം. 100 മീറ്ററിൽ മത്സരിക്കാൻ കേരളത്തിൽ നിന്ന് ആരുമുണ്ടായിരുന്നില്ല.
റീബ ആറാമത്
അത്ലറ്റിക്‌സിലെ ആദ്യ ഇനമായിരുന്ന വനിതകളുടെ 10000 മീറ്ററിൽ കേരളത്തിന്റെ റീബ അന്ന ജോർജ് (37മിനിട്ട് 34.73 സെക്കൻഡ്) ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മഹാരാഷ്ട്രയുടെ സഞ്ജീവനി യാദവാണ് അത്ലറ്റിക്‌സിലെ ആദ്യ സ്വർണത്തിനുടമ.
പുരുഷ വിഭാഗം 10000 മീറ്ററിൽ ഹിമാചൽ പ്രദേശിന്റെ സാവൻ ബർവാൾ (28 മിനിട്ട് 49.93 സെക്കൻഡ്) ഗെയിംസ് റെക്കോർഡോടെ സ്വർണം നേടി.
മനു ഫൈനലിൽ
പുരുഷ വിഭാഗം 400 മീറ്ററിന്റെ രണ്ടാം ഹീറ്റ്‌സിൽ ഒന്നാമതെത്തിയ കേരളത്തിന്റെ മനു ടി.എസ് ഫൈനലിലെത്തി. സർവീസസിന്റെ മലയാളി താരവും കഴിഞ്ഞ ഗെയിംസിലെ മെഡലിസ്റ്റുമായ റിൻസ് ജോസഫും ഫൈനലിലെത്തി. ഇന്നാണ് ഫൈനൽ.
വെങ്കല സിസ്റ്റേഴ്‌സ്
തായ്‌ക്കൊണ്ടോയിൽ വനിതകളുടെ പൂംസെ ഗ്രൂപ്പ് ഇനത്തിൽ ഇന്നലെ കേരളത്തിനായി വെങ്കലം നേടിയ ടീമിൽ അണിനിരന്നത് സഹോദരിമാർ. കോഴിക്കോട് വള്ളിക്കുന്ന് പന്തീരാങ്കാവ് സ്വദേശി അബൂസാദിക്കിന്റേയും രസ്‌നയുടേയും മക്കളായ ലയ ഫാത്തിമ സി.കെയും സേബ സി.കെയുമാണ് കർണികയ്‌ക്കൊപ്പം മൂന്നാം സ്ഥാനം നേടിയത്. ഇളയവളായ ലയ ഫാത്തിമയുടെ ഈ ഗെയിംസിലെ രണ്ടാം വെങ്കലമാണിത്. കഴിഞ്ഞ ദിവസം പൂംസെ വ്യക്തിഗത ഇവന്റിലാണ് ലയ ആദ്യ വെങ്കലം നേടിയത്.
മത്സരത്തലേന്ന് പരിക്കിൽ പൊലിഞ്ഞു, സ്വാതിഷിന്റെ പൊൻസ്വപ്നം
ഗോവ ദേശീയ ഗെയിംസിൽ കേരളത്തിനായി ആദ്യ സ്വർണം നേടിയിരുന്ന ജിംനാസ്റ്റിക്‌സ് താരം കെ.പി. സ്വാതിഷിന് ഇക്കുറി പരിക്കിന്റെ രൂപത്തിലെത്തിയ നിർഭാഗ്യം വിനയായി. മത്സരത്തലേന്ന് പരിശീലനത്തിനിടെ തോളിന് പരിക്കേറ്റ് ആശുപത്രിയിലായ സ്വാതിഷിന് ഇന്നലെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിന്റെ ആദ്യ റൗണ്ടിൽ മത്സരിക്കാൻ ഇറങ്ങാനായില്ല. അക്രോബാറ്റിക് ജിംനാസ്റ്റിക്‌സിൽ മെൻസ് ഗ്രൂപ്പിലും വിമൻസ് പെയറിലും ആദ്യദിന മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടാം സ്ഥാനത്താണ്. മിക്‌സഡ് പെയർ നാലാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്