പത്തിനങ്ങളടങ്ങിയ ഡെക്കാത്ത്‌ലണിൽ തൗഫീക്കിലൂടെ ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിലെ ആദ്യ സ്വർണം നേടി കേരളം. 6915 പോയിന്റ് നേടിയാണ് ഇന്നലെ തൗഫീക്ക് സ്വർണം നേടിയത്. ആദ്യ ദിനം അഞ്ച് ഇനങ്ങൾ പൂർത്തിയായപ്പോൾ ലീഡ് ചെയ്യുകയായിരുന്ന തൗഫീക്ക് രണ്ടാം ദിനത്തിലും വിട്ടുകൊടുക്കാതെ പൊന്നിലേക്കടുക്കുകയായിരുന്നു.
ഡെറാഡൂണിലെ കൊടുംതണുപ്പിൽ വിറച്ചിട്ടും ഡെക്കാത്ത്‌ലണിലെ സ്വർണം തൗഫീക്ക് കൈവിട്ടില്ല. രണ്ട് ദിവസങ്ങളിലായി 10 ഇനങ്ങളിലാണ് തൗഫീക്ക് മത്സരിച്ചത്. ''ഓരോ മത്സരവും പകുതിയാകുമ്പോഴേക്കും തണുപ്പടിച്ച് നെഞ്ചും തലയും വേദനിക്കാൻ തുടങ്ങും. നല്ല കാലാവസ്ഥയായിരുന്നെങ്കിൽ ഇതിലും മികച്ച പോയിന്റ് നില സ്വന്തമാക്കാനാകുമായിരുന്നു ' തൗഫീക്ക് പറഞ്ഞു.
സ്‌കൂൾ കാലം കഴിഞ്ഞപ്പോഴേ ഡെക്കാത്ത്ലണിലായിരുന്നു തൗഫീക്കിന് താത്പര്യം. കൊല്ലം സായ്യിൽ കോച്ച് ഭൂപാലനൊപ്പം ചേർന്നതോടെ ദേശീയ തലത്തിൽ മികവുകാട്ടാൻ തുടങ്ങി. ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും യോഗ്യത നേടുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. ആലപ്പുഴ മണ്ണഞ്ചേരി നേതാജിയിൽ നൗഷാദിന്റെയും നുസൈബയുടെയും മകനാണ് തൗഫീക്ക്. സഹോദരൻ തൗഹീദ് ഫുട്‌ബോൾ താരമാണ്.
ഈ സ്വർണത്തിന് സ്‌പോൺസർഷിപ്പ് കിട്ടുമോ?
ഈ സ്വർണമെഡൽ നേട്ടം കൊണ്ട് തനിക്ക് തുടർപരിശീലനത്തിന് എന്തെങ്കിലും സ്‌പോൺസർഷിപ്പ് ലഭിക്കുമോ എന്നായിരുന്നു തൗഫീക്ക് ചോദിച്ചത്. മികച്ച താരങ്ങളെ തിരഞ്ഞെടുത്ത് പരിശീലനം നൽകുന്ന ജെ.എസ്.ഡബ്‌ളിയു, റിലയൻസ് തുടങ്ങിയ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പ് ലഭിച്ചാൽ തനിക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് തൗഫീക്ക് പറയുന്നു. സാന്ദ്ര ബാബുവും ലസാനും ജെ.എസ്.ഡബ്‌ളിയുവിലാണ് പരിശീലിക്കുന്നത്.
ഡെക്കാത്ത്‌ലൺ
100 മീറ്റർ, ലോംഗ് ജംമ്പ്, ഷോട്ട്പുട്ട്, ഹൈജംമ്പ്, 400 മീറ്റർ, 110 മീറ്റർ ഹർഡിൽസ്, ഡിസ്‌കസ് ത്രോ, പോൾവാട്ട്, ജാവലിൻ ത്രോ, 1500 മീറ്റർ എന്നീ മത്സരങ്ങൾ ചേർന്നതാണ് ഡെക്കാത്ത്‌ലൺ. ഇതിൽ ഓരോന്നിലും നേടുന്ന പോയിന്റുകൾ കൂട്ടി മുന്നിലെത്തുന്നയാൾ വിജയിക്കും.
റിലേയിൽ മാറിവന്ന വെള്ളി
വനിതകളുടെ 4 x 100 മീറ്റർ റിലേയിൽ ആദ്യം ശ്രീന നാരായണൻ, ഭവിക വി.എസ്, മഹിത മോൾ എ.എൽ, മേഘ എസ് എന്നിവരടങ്ങിയ കേരള ടീം മൂന്നാമതാണ് ഫിനിഷ് ചെയ്തത്. എന്നാൽ ഒപ്പമോടിയ മൂന്ന് ടീമുകൾ ബാറ്റൺ കൈമാറ്റത്തിൽ പിഴവ് വരുത്തിയതോടെ കേരളം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഒഡിഷ, തമിഴ്‌നാട്, ഉത്തരാഖണ്ഡ് ടീമുകളെയാണ് അയോഗ്യരാക്കിയത്. ആദ്യം കർണാടക ഒന്നാമതും തമിഴ്‌നാട് രണ്ടാമതും കേരളം മൂന്നാമതുമായിരുന്നു. തമിഴ്‌നാടിനെ അയോഗ്യരാക്കിയതോടെ കേരളം രണ്ടാം സ്ഥാനത്തായി.
പുരുഷന്മാരുടെ 4 x 100 മീറ്റർ റിലേയിൽ എ.ഡി. മുകുന്ദൻ, അജിത്ത് ജോൺ, ആൽബർട്ട് ജെയിംസ്, മനീഷ് എം എന്നിവരടങ്ങിയ കേരള ടീം 40.73 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. ഒഡിഷ ഗെയിംസ് റെക്കോർഡോടെ (39.47 സെക്കൻഡ്) സ്വർണം നേടിയപ്പോൾ തമിഴ്‌നാട് രണ്ടാമതെത്തി.
ഒറ്റച്ചാട്ടത്തിൽ സാന്ദ്രയുടെ വെള്ളി
ഒരൊറ്റ ശ്രമത്തിൽ മാത്രം വിജയകരമായി ചാടാൻ കഴിഞ്ഞ സാന്ദ്ര ബാബു ആ ശ്രമത്തിൽ വെള്ളിയും നേടി. സാന്ദ്രയുടെ ആദ്യ രണ്ട് ചാട്ടങ്ങളും ഫൗളായിരുന്നു. മൂന്നാം ചാട്ടത്തിൽ 6.12 മീറ്റർ കണ്ടെത്തി. അടുത്ത മൂന്ന് ശ്രമങ്ങളിലും പരാജയപ്പെട്ടു. 6.21 മീറ്റർ ചാടിയ പശ്ചിമ ബംഗാളിന്റെ മൗമിത മൊൻഡാലാണ് സ്വർണം നേടിയത്.
വെങ്കലമായി മനുവും
പുരുഷ 400 മീറ്ററിൽ ഹീറ്റ്‌സിൽ ഒന്നാമതായിരുന്ന കേരള താരം മനു ടി.എസ് 47.08 സെക്കൻഡിലാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 46.82 സെക്കൻഡിൽ ഒഡിഷയുടെ ബാപ്പി ഹൻസ്ദ സ്വർണം നേടി. വനിതകളുടെ 400 മീറ്ററിൽ കേരളത്തിന്റെ പ്രതീക്ഷയായിരുന്ന സ്‌നേഹ കെ നാലാമതായി.
തുടക്കമിട്ടത് ലസാൻ
ഇന്നലെ ട്രാക്കിൽ ആദ്യം നടന്ന 110 മീറ്റർ ഹർഡിൽസ് മുഹമ്മദ് ലസാൻ വെങ്കലം നേടിയപ്പോൾ നിലവിലെ ദേശീയ ചാമ്പ്യനും ദേശീയ ഗെയിംസ് ചാമ്പ്യനും ദേശീയ റെക്കോർഡിന് ഉടമയുമായ മഹാരാഷ്ട്രയുടെ തേജസ് അശോക് ഷിർസെയാണ് (13.65 സെക്കൻഡ്) സ്വർണം നേടിയത്. ഇതോടെ കഴിഞ്ഞ ഗെയിംസിൽ താൻ തന്നെ കുറിച്ചിരുന്ന 13.71 സെക്കൻഡിന്റെ ഗെയിംസ് റെക്കോർഡ് മാറ്റിയെഴുതുകയും ചെയ്തു.
തമിഴ്‌നാടിന്റെ മാനവ് രാജനാരായണനാണ് (14.03 സെക്കൻഡ്) വെള്ളി. ലസാൻ 14.23 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. മറ്റൊരു മലയാളി താരം രാഹിൽ സക്കീർ വി.പി അഞ്ചാമതായി.
ജ്യോതി തെളിച്ച്
ജ്യോതി യരാജി വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡ് ജേതാവായി. ആന്ധ്രപ്രദേശിന്റെ ജ്യോതി യരാജി തന്റെ തന്നെ ഗെയിംസ് റെക്കോർഡ് തിരുത്തിയെഴുതി സ്വർണം സ്വന്തമാക്കി. 13.10 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജ്യോതി കഴിഞ്ഞ ഗെയിംസിൽ കുറിച്ച 13.22 സെക്കൻഡിന്റെ റെക്കോർഡാണ് തിരുത്തിയെഴുതിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്