വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് മികച്ച ജയം. രാജസ്ഥാനെ വീഴ്ത്തിയാണ് കേരളത്തിന്റെ ജയം. രാജസ്ഥാൻ ഉയർത്തിയ റൺമലയെ അതേ നാണയത്തിൽ തിരിച്ചടിച്ച കേരളം 50 ഓവറിൽ 343 റൺസ് എന്ന ലക്ഷ്യം രണ്ടു വിക്കറ്റ് ശേഷിക്കെ അടിച്ചെടുത്തു.
ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ കരൺ ലംബയുടെയും (119), ദീപക് ഹൂഡയുടെയും (86) ബാറ്റിങ് മികവിൽ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയപ്പോൾ, മറുപടി ബാറ്റിങ്ങിൽ കേരളം ആദ്യ പന്തിലെ വിക്കറ്റ് നഷ്ടത്തിലും പതറാതെ പൊരുതി.
നേരിട്ട ആദ്യ പന്തിൽ നായകൻ രോഹൻ കുന്നുമ്മൽ (0) ക്ലീൻ ബൗൾഡായി മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ കൃഷ്ണ പ്രസാദും (53), ബാബ അപരാജിതും (116 പന്തിൽ 126 റൺസ്) ചേർന്ന് കേരളത്തിന്റെ മറുപടി ബാറ്റിങ്ങിന് അടിത്തറ പാകി. സ്‌കോർ 155ലെത്തി നിൽക്കെയാണ് രണ്ടാം വിക്കറ്റ് നഷ്ടമായത്. പിന്നീട് വിഷ്ണു വിനോദ് (28), മുഹമ്മദ് അസ്ഹറുദ്ദീൻ (28), അങ്കിത് ശർമ (27) എന്നിവരിലൂടെ പതിയ റൺചേസ് തുടർന്നു. നാലാമനായി ബാബ അപരാജിത് മടങ്ങിയതോടെ പ്രതിസന്ധിയിലായ കേരള ബാറ്റിങ്ങിനെ മധ്യനിര പതിയെ പിടിച്ചു നിർത്തുകയായിരുന്നു.
അവസാന ഓവറുകളിൽ കളികൈവിട്ടുവെന്ന് ഉറപ്പിച്ചിരിക്കെ ഏഡൻ ആപ്പിൽ ടോമിന്റെ ബാറ്റിന് തീപ്പിടിച്ചു. 18 പന്തിൽ അഞ്ച് സിക്‌സും ഒരു ബൗണ്ടറിയുമായി 40 റൺസ് നേടിയ ആപ്പിൾ ടോമിന്റെ മാസ്മരിക ഇന്നിങ്‌സ് കേരള വിജയം ഉറപ്പിച്ച ശേഷമേ അവസാനിപ്പിച്ചുള്ളൂ. ഒമ്പതാം വിക്കറ്റിൽ ആപ്പിൾ ടോമും എം.ഡി. നിധീഷും (2) പുറത്താകാതെ ക്രീസിൽ നിന്നു. രാജസ്ഥാന്റെ അങ്കിത് ചൗധരി നാലും, കേരളത്തിനായി ഷറഫുദ്ദീൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
ടൂർണമെന്റിലെ ആദ്യ കളിയിൽ ജയവും, ശേഷം രണ്ട് മത്സരങ്ങളിൽ തോൽവിയും വഴങ്ങിയ ശേഷമാണ് കേരളം വിജയവഴിയിൽ തിരിച്ചെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
