വെള്ളിത്തിളക്കവുമായി നൂപുർ,പൂജാറാണിക്ക് വെങ്കലം
ലിവർപൂൾ : ഇംഗ്‌ളണ്ടിൽ നടക്കുന്ന ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണവും ഓരോ വെള്ളിയും വെങ്കലവും നേടി ഇന്ത്യൻ വനിതാ താരങ്ങൾ. 57 കിലോ വിഭാഗത്തിൽ ജാസ്മിൻ ലംബോറിയയും 48 കിലോ വിഭാഗത്തിൽ മീനാക്ഷി ഹൂഡയും സ്വർണം നേടിയപ്പോൾ 80 പ്‌ളസ് കാറ്റഗറിയിൽ നൂപുർ ഷിയോറെൻ വെള്ളി നേടി. 80 കിലോയിൽ പൂജാറാണിക്ക് വെങ്കലം ലഭിച്ചു. ലോകചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്.
ഫൈനലിൽ ഒളിമ്പിക്‌സ് വെള്ളിമെഡൽ ജേതാവായ പോളണ്ടുകാരി ജൂലിയ സെരമേറ്റയെ ഇടിച്ചിട്ടാണ് ജാസ്മിൻ സ്വർണം നേടിയത്. ആദ്യ റൗണ്ടിൽ ജൂലിയയ്ക്കായിരുന്നു മുൻതൂക്കമെങ്കിലും രണ്ടാം റൗണ്ടിൽ ശക്തമായി ഇടിച്ചുകയറിവന്നാണ് ജാസ്മിൻ സ്വർണത്തിൽ മുത്തമിട്ടത്. ഈ ലോക ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വർണമായിരുന്നു ഇത്. 48 കിലോ വിഭാഗത്തിൽ ഒളിമ്പിക് വെങ്കലമെഡൽ ജേതാവ് കസാഖിസ്ഥാന്റെ നാസിം ക്യാസിബയെ ഇടിച്ചിട്ടായിരുന്നു മീനാക്ഷിയുടെ സ്വർണം.
80 പ്‌ളസ് കാറ്റഗറി ഫൈനലിൽ പോളണ്ടിന്റെ തന്നെ അഗത കസ്മർക്‌സയോട് ഇഞ്ചോടിഞ്ച് പൊരുതി തോറ്റ നൂപുർ വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. നൂപുറിനേക്കാൾ ഉയരം കുറവായിരുന്നെങ്കിലും ആക്രമണവീര്യത്തിൽ മുന്നിട്ടുനിന്ന അഗത അവസാന സമയത്ത് നടത്തിയ പഞ്ചുകളാണ് വിജയത്തിൽ നിർണായകമായത്.
80 കിലോ വിഭാഗത്തിൽ സെമിഫൈനലിൽ പരാജയപ്പെട്ടതോടെയാണ് പൂജാറാണി വെങ്കലം നേടിയത്. ഇംഗ്‌ളണ്ടിന്റെ എമിലി അസ്‌ക്വിത്താണ് പൂജയെ സെമിയിൽ തോൽപ്പിച്ചത്. 48 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം മീനാക്ഷി ഫൈനലിൽ എത്തിയിട്ടുണ്ട്. ആദ്യമായാണ് ഒരു ലോകചാമ്പ്യൻഷിപ്പിൽ മൂന്ന് ഇന്ത്യൻ വനിതകൾ ഫൈനലിൽ പ്രവേശിക്കുന്നത്. അതേസമയം പുരുഷ വിഭാഗത്തിൽ ഇന്ത്യയ്ക്ക് ഒറ്റ മെഡലും നേടാനായില്ല. കഴിഞ്ഞ 10 വർഷത്തിനിടെ ലോക ചാമ്പ്യൻഷിപ്പിൽ ആദ്യമായാണ് ഈ അവസ്ഥയുണ്ടാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്