വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ശനിയാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ 2026ലെ ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ഐ.സി.സിയുടെ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബി.സി.ബി ഔദ്യോഗികമായി അഭ്യർത്ഥിച്ചു.
ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾ ലഭിച്ചതിനെത്തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ഫ്രാഞ്ചൈസി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശി ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാനെ വിട്ടയച്ചതിന് പിന്നാലെയാണ് നിലപാട് സ്വീകരിച്ചത്. പ്രതിസന്ധി സംബന്ധിച്ച് ഐ.സിസി. ബി.സി.ബി.യുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തി. എന്നാൽ, ബി.സി.ബി നിലപാട് മാറ്റില്ലെന്ന് വ്യക്തമാക്കി. കൂടുതൽ ആഭ്യന്തര ചർച്ചകൾക്ക് ശേഷം അടുത്ത ആഴ്ച ഐ.സി.സി അന്തിമ തീരുമാനം പ്രഖ്യാപിക്കും.
ബംഗ്ലാദേശിന് അയർലൻഡുമായി ഗ്രൂപ്പുകൾ വെച്ചുമാറാമെന്നും അങ്ങനെയെങ്കിൽ അവർക്ക് അവരുടെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും ശ്രീലങ്കയിൽ കളിക്കാൻ കഴിയുമെന്നുമാണ് ബി.സി.ബി നിർദ്ദേശിച്ചത്. ഓഫർ അനുസരിച്ച്, ബംഗ്ലാദേശ് ഗ്രൂപ്പ് സിയുടെ ഭാഗമാകും. അയർലൻഡ് ഗ്രൂപ്പ് ബിയിലേക്ക് മാറ്റപ്പെടും. അയർലൻഡ് അവരുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കൊളംബോയിലും പല്ലെകെലെയിലുമാണ് കളിക്കുന്നത്. എന്നാൽ ഈ തീരുമാനത്തെ അയർലൻഡ് ടീമിന് സ്വീകാര്യമല്ല.
ടീമിന്റെയും ബംഗ്ലാദേശ് ആരാധകരുടെയും മാധ്യമങ്ങളുടെയും മറ്റ് പങ്കാളികളുടെയും സുരക്ഷയെക്കുറിച്ചുള്ള ബംഗ്ലാദേശ് സർക്കാരിന്റെ കാഴ്ചപ്പാടുകളും ആശങ്കകളും ബോർഡ് പങ്കുവെച്ചു. ഐ.സി.സി പ്രതിനിധി സംഘത്തെ ഇവന്റ്‌സ് ആൻഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ജനറൽ മാനേജർ ഗൗരവ് സക്‌സേനയും ഇന്റഗ്രിറ്റി യൂണിറ്റ് ജനറൽ മാനേജർ ആൻഡ്രൂ എഫ്‌ഗ്രേവും പ്രതിനിധീകരിച്ചു. ഗൗരവ് സക്‌സേനയ്ക്ക് പ്രതീക്ഷിച്ചതിലും വൈകി വിസ ലഭിച്ചതിനാൽ നേരിട്ട് യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അതിനാൽ ചർച്ചകളിൽ വെർച്വലായി പങ്കെടുത്തു.
ആൻഡ്രൂ എഫ്‌ഗ്രേവ് നേരിട്ട് യോഗത്തിൽ പങ്കെടുത്തു. ബി.സി.ബിയുടെ ഭാഗത്തുനിന്ന് പ്രസിഡന്റ് എം.ഡി.അമിനുൾ ഇസ്ലാം, വൈസ് പ്രസിഡന്റുമാരായ എം.ഡി. ഷക്കവത് ഹൊസൈൻ, ഫാറൂഖ് അഹമ്മദ്, ക്രിക്കറ്റ് ഓപ്പറേഷൻസ് കമ്മിറ്റി ഡയറക്ടറും ചെയർമാനുമായ നസ്മുൾ അബീദീൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നിസാം ഉദ്ദീൻ ചൗധരി എന്നിവരും പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
