മുംബയ്: രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും രഞ്ജി കളിക്കാൻ ഒരുങ്ങുന്നു. ഡൽഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ സൗരാഷ്ട്രയ്ക്കായി കളിക്കാൻ ജഡേജ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. ചാമ്പ്യൻസ് ട്രോഫിയ്ക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ഉള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിൽ ജഡേജയെ ഉൾപ്പെടുത്തിയിരുന്നു. ഈ മാസം 23 മുതൽ രാജ്‌കോട്ടിലാണ് സൗരാഷ്ട്രയും ഡൽഹിയും തമ്മിലുള്ള രഞ്ജി പോരാട്ടം തുടങ്ങുന്നത്.
ഡൽഹി ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തും സൗരാഷ്ട്രയ്‌ക്കെതിരെ കളിക്കാനിറങ്ങുമെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിയ മുഹമ്മദ് സിറാജും രഞ്ജിയിൽ കളിക്കുന്ന കാര്യത്തിൽ സമ്മതമറിയിച്ചിട്ടുണ്ടെന്ന് ഹൈദരാബാദ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മത്സരത്തിൽ താരം കളിക്കില്ലെങ്കിലും വിദർഭയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ കളിക്കാൻ സിറാജ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് ടീം മാനേജ്‌മെന്റ് അറിയിച്ചത്.
ഇന്ത്യൻ ഏകദിന, ടെസ്റ്റ് ക്യാപ്ടൻ രോഹിത് ശർമ്മയും ഓപ്പണർ യശ്വസി ജയ്‌സ്വാളും മുംബയ്ക്കായി ജമ്മു കാശ്മീരിനെതിരായ രഞ്ജി മത്സരത്തിലും കളിക്കുമെന്നും നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യൻ ഏകദിന ടീമിന്റെ വൈസ് ക്യാപ്ടൻ ശുഭ്മാൻ ഗിൽ പഞ്ചാബിനായി കർണാടകയ്ക്ക് എതിരായ രഞ്ജി മത്സരത്തിലും ഇറങ്ങും. അതേസമയം വിരാട് കൊഹ്‌ലി, കെ.എൽ രാഹുൽ എന്നിവർ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്ന കാര്യത്തിൽ സമ്മതമറിയിച്ചിട്ടില്ല. ഇരുവർക്കും പരിക്കുണ്ടെന്നാണ് വിവരം. ബി.സി.സി.ഐയുമായി കരാറുള്ള താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിരിക്കണമെന്ന് കഴിഞ്ഞ ദിവസം ബോർഡ് മാർഗ നിർദ്ദേശമിറക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്