ശ്രീലങ്കയ്‌ക്കെതിരായ അഞ്ചു ടി20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 14.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടന്നു.
അർദ്ധ സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗസിന്റെ കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 44 പന്തിൽ പുറത്താവാതെ 69 റൺസാണ് ജെമീമ നേടിയത്. 10 ഫോറുകൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. സ്മൃതി മന്ദാന 25 പന്തിൽ 25 റൺസും ക്യാപ്ടൻ ഹർമൻപ്രീത് കൗർ 16 പന്തിൽ പുറത്താവാതെ 15 റൺസും നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ ചെറിയ ടോട്ടലിൽ ഒതുക്കുകയായിരുന്നു. ഇന്ത്യൻ ബൗളിംഗ് നിരയിൽ ക്രാന്തി ഗൗഡ്, ദീപ്തി ശർമ്മ, നല്ലപുരെഡ്ഡി ചരണി എന്നിവർ ഓരോ വീതം വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിൽ മൂന്ന് റൺ ഔട്ടുകളും പിറന്നു. 43 പന്തിൽ 39 റൺസ് നേടിയ വിഷ്മി ഗുണരത്‌നെയാണ് ലങ്കൻ നിരയിലെ ടോപ് സ്‌കോറർ.
ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്താനും ഹർമൻപ്രീത് കൗറിനും സംഘത്തിനും സാധിച്ചു. പരമ്പരയിലെ രണ്ടാം മത്സരം ഡിസംബർ 23നാണ് നടക്കുന്നത്. വിശാഖപട്ടണം തന്നെയാണ് വേദി. ബാക്കിയുള്ള മൂന്ന് മത്സരങ്ങൾ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഡിസംബർ 26, 28, 30 എന്നീ തീയതികളിലാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
