തകർപ്പൻ സെഞ്ച്വറിയുമായി ഫോം വീണ്ടെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ 4 വിക്കറ്റിന് കീഴടക്കി പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്നലെ കട്ടക്കിലെ ബരാബതി സ്റ്റേഡിയം വേദിയായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 44.3 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (308/6). 90 പന്ത് നേരിട്ട് 119 റൺസ് നേടിയ രോഹിത് തന്നെയാണ് കളിയിലെ താരം.
ആദ്യ മത്സരത്തിലും നാല് വിക്കറ്റിന്റെ വിജയം നേടിയ ഇന്ത്യ മൂന്ന് കളികൾ ഉൾപ്പെട്ട ഏകദിന പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തിയാണ് പരമ്പര സ്വന്തമാക്കിയത്. നേരത്തേ ഇംഗ്ണ്ടിനെതിരെ ടി20 പരമ്പരയും ഇന്ത്യ നേടിയിരുന്നു.
ഇംഗ്ലണ്ടുയർത്തിയ മികച്ച വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് രോഹിതും ശുഭമാൻ ഗില്ലും (52 പന്തിൽ 60) മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 100 പന്തിൽ 136 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രോഹിത് തുടക്കം മുതലേ ആക്രമിച്ചു കളിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം അർദ്ധ സെഞ്ച്വറി നേടി ഗിൽ വീണ്ടും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 6 ഓവറിൽ ഇന്ത്യ48/0 എന്ന നിലയിൽ ആയിരിക്കെ ഫ്‌ളഡ് ലിറ്റിന്റെ തകരാറുകാരണം മത്സരം അല്പനേരം നിറുത്തി വയ്‌ക്കേണ്ടി വന്നു.
ഇന്ത്യൻ സ്‌കോർ 136ൽ വച്ച് ഗില്ലിനെ ക്ലീൻ ബൗൾഡാക്കി ഓവർട്ടണാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ വിരാട് കൊഹ്‌ലി(5) വീണ്ടും നിരാശപ്പെടുത്തി ആദിൽ റഷദിന്റെ പന്തിൽ പുറത്തായി. പകരമെത്തിയ ശ്രേയസ് അയ്യർ (44) രോഹിതിനൊപ്പം ഇന്ത്യൻ സ്‌കോർ 200 കടത്തി. ഇതിനിടെ രോഹിത് സെഞ്ച്വറിയും നേടി. രോഹിതിനെ പുറത്താക്കി ലിവിംഗ്സ്റ്റൺ ആണ് കൂട്ടുകെട്ട് പൊളിച്ചത്.
കഴിഞ്ഞ മത്സരത്തിലെപ്പോലെ സ്ഥാനക്കയറ്റം കിട്ടിയെത്തിയ അക്ഷർ പട്ടേൽ (പുറത്താകാതെ 41) നിർണായക സമയത്ത് മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ശ്രേയസ്, കെ.എൽ രാഹുൽ (10), ഹാർദിക് പാണ്ഡ്യ(10) എന്നിവരുടെ വിക്കറ്റ് നഷ്ടമായെങ്കിലും അക്ഷർ ജഡേജയ്‌ക്കൊപ്പം (11) ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ഇംഗ്ലണ്ടിനായി ഓവർട്ടൺ 2 വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗിനിങ്ങിയ ഇംഗ്ലണ്ടും മികച്ച ബാറ്റിംഗാണ് നടത്തിയത്. ബെൻ ഡക്കറ്റ് (56 പന്തിൽ 65), ജോറൂട്ട് (69)എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് അവരുടെ ഇന്നിംഗ്‌സിന് അടിത്തറയായത്. ലിവിംഗ്സ്റ്റൺ (41), ഹാരി ബ്രൂക്ക് (34), ക്യാപ്ടൻ ജോസ് ബട്ട്‌ലർ (31) എന്നിവരും തിളങ്ങി. ഇന്ത്യയ്ക്കായി ജഡേജ 3 വിക്കറ്റ് വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്