കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20യിൽ 101റൺസിന് ജയിച്ച് ഇന്ത്യ അഞ്ചുമത്സരപരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ നേടിയത് 175 റൺസ്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 12.3 ഓവറിൽ 74റൺസിന് ആൾഔട്ടായി.
ബാറ്റിംഗിൽ ഹാർദിക്ക് പാണ്ഡ്യ നേടിയ അർദ്ധസെഞ്ച്വറിയും ബൗളിംഗിൽ രണ്ട് വിക്കറ്റുകൾ വീതം നേടിയ അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ,വരുൺ ചക്രവർത്തി , അക്ഷർ പട്ടേൽ, ഒരോ വിക്കറ്റ് നേടിയ ഹാർദിക്, ശിവം ദുബെ എന്നിവർ ചേർന്നാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.
48 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ അർദ്ധ സെഞ്ച്വറി നേടിയ ഹാർദിക് പാണ്ഡ്യയും (28 പന്തുകളിൽ 6 ഫോറും 4 സിക്‌സുമടക്കം) തിലക് വർമ്മയും(26), അക്ഷർ പട്ടേലും (23) ചേർന്നാണ് ഈ സ്‌കോറിലേക്ക് എത്തിച്ചത്.
പരിക്കുകാരണം ടീമിൽ നിന്ന് വിട്ടുനിന്നിരുന്ന ഹാർദിക്കിന്റെ മടങ്ങിവരവ് മത്സരമായിരുന്നു ഇത്.
ഓപ്പണറായി ഇറങ്ങിയ ശുഭ്മാൻ ഗില്ലിനെ (4) മൂന്നാം പന്തിൽതന്നെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ലുൻഗി എൻഗിഡിയുടെ പന്ത് ഉയർത്തിയടിച്ച് യാൻസന് ക്യാച്ച് നൽകുകയായിരുന്നു ഗിൽ. മൂന്നാം ഓവറിൽ ക്യാപ്ടൻ സൂര്യകുമാർ യാദവും (12) സമാനരീതിയിൽ മാർക്രമിന് ക്യാച്ച് നൽകി. തുടർന്ന് ഓപ്പണർ അഭിഷേക് ശർമ്മയും (17) തിലക് വർമ്മയും ചേർന്ന് സ്‌കോർ ഉയർത്താൻ നോക്കിയെങ്കിലും 6.3-ാം ഓവറിൽ ടീം സ്‌കോർ 48ൽ നിൽക്കേ സിംപാലയുടെ പന്തിൽ യാൻസന് ക്യാച്ച് നൽകി അഭിഷേക് പുറത്തായി.
12-ാം ഓവറിൽ തിലകിനെ എൻഗിഡി പുറത്താക്കുമ്പോൾ ഇന്ത്യൻ സ്‌കോർ 78ലെത്തിയിരുന്നു. തുടർന്ന് അക്ഷർ പട്ടേലും ഹാർദിക്കും ചേർന്ന് ടീമിനെ 104ലെത്തിച്ചു. അവസാന ഓവറുകളിൽ ശിവം ദുബെ (11), ജിതേഷ് ശർമ്മ (10) എന്നിവരെകൂട്ടുനിറുത്തിയാണ് ഹാർദിക് കത്തിക്കയറിയത്.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കക്കാർക്ക് രണ്ടാം പന്തിൽതന്നെ ക്വിന്റൺ ഡികോക്കിനെ (0) സ്‌ളിപ്പിൽ അഭിഷേക് ശർമ്മയുടെ കയ്യിലെത്തിച്ച് അർഷ്ദീപ് സിംഗ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് നൽകി.
മൂന്നാം ഓവറിൽ ട്രിസ്റ്റൺ സ്റ്റബ്‌സിനെ(14)ക്കൂടി അർഷ്ദീപ് തിരിച്ചയച്ചു. ആറാം ഓവറിൽ അക്ഷർ പട്ടേൽ എയ്ഡൻ മാർക്രത്തെ (14) ബൗൾഡാക്കിയതോടെ അവർ 40/3 എന്ന നിലയിലായി. പിന്നീട് തുരുതുരാ വിക്കറ്റുകൾ വീണ്ടുകൊണ്ടിരുന്നു. 22 റൺസടിച്ച ഡെവാൾഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോറർ.
അർദ്ധസെഞ്ച്വറിയും ഒരു വിക്കറ്റും നേടിയ ഹാർദിക് പാണ്ഡ്യയാണ് പ്‌ളേയർ ഒഫ് ദ മാച്ച്. പരമ്പരയിലെ രണ്ടാം മത്സരം നാളെ ന്യൂ ചണ്ഢിഗഡിൽ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
