നെയ്യാറ്റിന്‍കര: കവളാകുളത്ത് ഒരു വയസ്സുകാരന്‍ ഇഹാന്‍ മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ വയറ്റിലേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുകയാണ്.
കുഞ്ഞിന്റെ മരണം സാധാരണ നിലയിലുള്ളതല്ലെന്ന സൂചനകളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്നത്. കുഞ്ഞിന്റെ വയറ്റില്‍ ആന്തരികമായി ക്ഷതമേറ്റിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നതില്‍ വ്യക്തതയില്ല. ക്ഷതത്തെത്തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇഹാന്റെ കയ്യില്‍ മൂന്നാഴ്ചയോളം പഴക്കമുള്ള ഒരു പൊട്ടല്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു പരിക്കിനെക്കുറിച്ച് തങ്ങള്‍ അറിഞ്ഞില്ലെന്നാണ് മാതാപിതാക്കളുടെ മൊഴി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മാതാപിതാക്കളായ ഷിജിനെയും കൃഷ്ണപ്രിയയെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കുഞ്ഞിന് മുന്‍പുണ്ടായ പരിക്കുകളെക്കുറിച്ച് അറിവില്ലെന്ന് മാതാപിതാക്കള്‍ ആവര്‍ത്തിക്കുന്നത് പൊലീസിനെ സംശയത്തിലാക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി ഷിജിന്‍ വാങ്ങിക്കൊണ്ടുവന്ന ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നുവെന്നും വായില്‍ നിന്ന് നുരയും പതയും വന്നതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി കുഴഞ്ഞുവീണ ഇഹാനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ചുണ്ടിനും വായ്ക്കും നിറവ്യത്യാസം കണ്ടതും അസ്വാഭാവികമായി തോന്നിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
