ബൗളര്‍മാരുടെ കരുത്തില്‍ ന്യൂയോര്‍ക്കില്‍ പാകിസ്ഥാനെ തളച്ച് ഇന്ത്യ; വിജയം 6 റണ്‍സിന്

JUNE 10, 2024, 2:49 AM

ന്യൂയോര്‍ക്കില്‍ മഴയ്ക്കു മീതെ പെയ്തിറങ്ങിയ ആരാധകരുടെ ആവേശത്തിന് വിരുന്നായി ഇന്ത്യ-പാകിസ്ഥാന്‍ ത്രില്ലര്‍. അവസാന ഓവറിലേക്ക് നീണ്ട നാടകീയ മല്‍സരത്തില്‍ പാകിസ്ഥാനെ 6 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ കരുത്തുകാട്ടി. സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളിംഗ് നിര മല്‍സരം എറിഞ്ഞു പിടിക്കുകയായിരുന്നു. 

ലോകകപ്പിലെ ഏറ്റവും കുറഞ്ഞ ടോട്ടലിന് പുറത്തായ ഇന്ത്യ 120 റണ്‍സ് വിജയലക്ഷ്യമാണ് പാകിസ്ഥാന് മുന്നില്‍ വെച്ചത്. മറുപടി ബാറ്റിംഗില്‍ 14 ാം ഓവര്‍ വരെ കളി വരുതിയിലാക്കിയ പാകിസ്ഥാന് ബുംറയുടെ രണ്ടാം വരവില്‍ കാലിടറി. തുടര്‍ച്ചായി വിക്കറ്റ് വീണതോടെ പാക് ഇന്നിംഗ്‌സിന് പകിട്ട് നഷ്ടപ്പെട്ടു. നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 113 റണ്‍സെടുക്കാനേ പാകിസ്ഥാന് കഴിഞ്ഞുള്ളൂ.

കഴിഞ്ഞ ദിവസങ്ങളില്‍ പഴിയെല്ലാം കേട്ട നാസോ സ്‌റ്റേഡിയത്തിലെ പിച്ച് ഇന്ന് മികച്ച നിലയിലായിരുന്നു. പന്ത് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ബാറ്റിലേക്ക് വന്നു. അപ്രതീക്ഷിത ബൗണ്‍സും കുറവായിരുന്നു. മഴപെയ്ത അന്തരീക്ഷം മുതലെടുക്കാന്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ വിരാട് കോലി (4) നസീം ഷായുടെ പന്തില്‍ ഉസ്മാന്‍ ഖാന്റെ കൈകളില്‍ അവസാനിച്ചു. മൂന്നാം ഓവറിലെ നാലാം പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13) ഷഹീന്‍ അഫ്രിദിക്കെതിരെ ഫ്‌ളിക്ക് ഷോട്ട് കളിച്ച് ഹാരിസ് റൗഫിന് ക്യാച്ച് നല്‍കി മടങ്ങി. 

vachakam
vachakam
vachakam

പവര്‍പ്ലേയില്‍ തന്നെ 2 വിക്കറ്റ് വീണതോടെ പന്തിന് കൂട്ടായി അക്ഷര്‍ പട്ടേലിനെ ഇറക്കി ഒരു പരീക്ഷണം. ഇത് ഫലം കാണുകയും ചെയ്തു. എട്ടാം ഓവറിലെ നാലാം പന്തില്‍ അക്ഷര്‍ പുറത്താവുമ്പോഴേക്കും ഇന്ത്യ 58 ല്‍ എത്തി. 18 പന്തില്‍ രണ്ട് ബൗണ്ടറികളും സിക്‌സും സഹിതം അക്ഷര്‍ 20 റണ്‍സെടുത്തു. 

സൂര്യകുമാര്‍ യാദവ് എത്തിയതോടെ പന്ത് തകര്‍ത്തടിച്ചു. ഇന്ത്യ 11 ാം ഓവറില്‍ 88 ലെത്തി. 180 നടുത്ത് ഒരു മികച്ച ടോട്ടല്‍ സ്വപ്‌നം കണ്ടു. എന്നാല്‍ സ്‌കോര്‍ 89 ല്‍ നില്‍ക്കെ സൂര്യകുമാര്‍ (7) പുറത്തായതോടെ കളി തിരിഞ്ഞു. ശിവം ദുബെ (3) വന്നതുപോലെ മടങ്ങി. നസീം ഷായ്ക്ക് ഒരു സിംപിള്‍ റിട്ടേണ്‍ ക്യാച്ച്. 15 ഓവറില്‍ സ്‌കോര്‍ 96 ല്‍ നില്‍ക്കെ പന്തിനെയും (42) ജഡേജയെയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി അമീറിന്റെ ആഘോഷം. ഇതെല്ലാം കണ്ട് ഫോമൗട്ടായി ഹാര്‍ദിക് പാണ്ഡ്യ മറുവശത്ത്. 9 റണ്‍സെടുത്ത് അര്‍ഷ്ദീപും 7 റണ്‍സെടുത്ത സിറാജും നേടിയ റണ്ണുകള്‍ മല്‍സരത്തില്‍ നിര്‍ണായകമായി. ബുംറയും (0) പാണ്ഡ്യയും (7) ഹാരിസ് റൗഫിന്റെ മുന്നില്‍ വീണതോടെ 1 ഓവര്‍ കളിക്കാനവശേഷിപ്പിച്ച് ഇന്ത്യ പുറത്ത്. 

നസീം ഷായും ഹാരിസ് റൗഫും 3 വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ 2 വിക്കറ്റുകളുമായി അമീറും മികച്ചു നിന്നു. 

vachakam
vachakam
vachakam

കരുതലോടെയായിരുന്നു പാകിസ്ഥാന്റെ തുടക്കം. പവര്‍ പ്ലേയില്‍ വിക്കറ്റുകള്‍ കളയാതെ ക്യാപ്റ്റന്‍ ബാബറും മൊഹമ്മദ് റിസ്വാനും ശ്രദ്ധിച്ചു. അഞ്ചാം ഓവറിലെ നാലാം പന്തില്‍ ബുംറ ബാബറിനെ (13) സ്ലിപ്പില്‍ സൂര്യകുമാറിന്റെ ഭദ്രമായ കൈകളിലെത്തിച്ചു. പാകിസ്ഥാന്‍ സ്‌കോര്‍ 26 ന് 1. രണ്ടാം വിക്കറ്റില്‍ ഇന്ത്യയെ ആശങ്കയിലാക്കി റിസ്വാനും ഉസ്മാന്‍ ഖാനും 31 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 11 ാം ഓവറിലെ ആദ്യ പന്തില്‍ ഉസ്മാനെ (13) വിക്കറ്റിനു മുന്നില്‍ കുടുക്കി അക്ഷര്‍ ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്‍കി. 

പിന്നാലെ ക്രീസിലെത്തിയ ഫഖര്‍ സമാന്‍ തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു. സിക്‌സും ഫോറുമായി ഞൊടിയിടയില്‍ 13 റണ്‍സെടുത്ത സമാനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. പാകിസ്ഥാന്‍ 73 ന് 3. 

റിസ്വാന്‍ മികച്ച ഫോമില്‍ നില്‍ക്കെ കളി അപ്പോഴും പാകിസ്ഥാന്റെ കൈയിലായിരുന്നു. പതിനഞ്ചാം ഓവറില്‍ രണ്ടാം സ്‌പെല്ലിനായി ബുംറ എത്തി. ആദ്യ പന്ത് അതിര്‍ത്തി കടത്താന്‍ വീശിയടിച്ച റിസ്വാന് പിഴച്ചു. വിക്കറ്റുകള്‍ തെറിപ്പിച്ച് ബുംറയുടെ പന്ത്. 44 പന്തില്‍ 31 റണ്‍സെടുത്ത് റിസ്വാന്‍ മടങ്ങി. കളിയിലെ നിര്‍ണായക നിമിഷമായിരുന്നു ഇത്. 

vachakam
vachakam
vachakam

വിക്കറ്റ് നിമിഷനേരം കൊണ്ട് ബൗളര്‍മാര്‍ക്ക് അനുകൂലമായതുപോലെ. ഇമാദ് വസീമും ഷദബ് ഖാനും താളം കണ്ടെത്താന്‍ വിഷമിച്ചു. ഷദബിനെ (4) പാണ്ഡ്യ പന്തിന്റെ കൈയിലെത്തിച്ചു. പിന്നീട് വന്ന അഫ്തികറും ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടി. പാകിസ്ഥാന് ജയിക്കാന്‍ 12 പന്തില്‍ 21 റണ്‍സ്. പത്തൊന്‍പതാം ഓവറിലെ അവസാന പന്തില്‍ ബുംറയെ ഉയര്‍ത്തിയടിക്കാന്‍ നോക്കിയ ഇഫ്തിഖര്‍ (5) അര്‍ഷ്ദീപിന്റെ കൈകളിലേക്ക്. 

അവസാനം ഓവറില്‍ പാകിസ്ഥാന് ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്. ആദ്യ പന്തില്‍ ഇമാദും പുറത്തായതോടെ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം. 23 പന്തില്‍ 15 റണ്‍സ് മാത്രമാണ് ഇമാദിന് നേടാനായത്. പിന്നീട് വന്ന നസീം ഷാ രണ്ട് ബൗണ്ടറികള്‍ നേടിയെങ്കിലും വിജയം 6 റണ്‍സിന് ഇന്ത്യക്കൊപ്പം. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ബുംറയാണ് കളിയിലെ താരം. 

പാകിസ്ഥാനെതിരെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏഴാം വിജയമാണിത്. ടി20 മല്‍സരങ്ങളില്‍ ഇന്ത്യ വിജയകരമായി ഡിഫെന്‍ഡ് ചെയ്യുന്ന ഏറ്റവും ചെറിയ സ്‌കോറും. ഗ്രൂപ്പ് എയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണ പാകിസ്ഥാന് ഇനി സൂപ്പര്‍ എയ്റ്റിലേക്ക് മുന്നേറാന്‍ കാനഡക്കും അയര്‍ലന്‍ഡിനുമെതിരെ കൂറ്റന്‍ വിജയങ്ങള്‍ വേണം. ഒപ്പം രണ്ടാം സ്ഥാനത്തുള്ള യുഎസ് ഇന്ത്യയോടും അയര്‍ലന്‍ഡിനോടും നല്ല മാര്‍ജിനില്‍ തോല്‍ക്കണം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam