മാഞ്ചസ്റ്റർ: നയകൻ ശുഭ്മാൻ ഗിൽ (103), രവീന്ദ്ര ജഡേജ (107*), വാഷിംഗ്ടൺ സുന്ദർ (101*) എന്നിവരുടെ സെഞ്ച്വറികളുടെയും കെ.എൽ രാഹിലിന്റെ 90 റൺസിന്റേയും മികവിൽ ഇംഗ്‌ളണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കിയ ഇന്ത്യ സമനില പിടിച്ചെടുത്തു. അഞ്ചുമത്സര പരമ്പരയിൽ ഇംഗ്‌ളണ്ട് 2-1ന് മുന്നിലാണ്. 31ന് ഓവലിലാണ് അഞ്ചാം ടെസ്റ്റ് തുടങ്ങുന്നത്.
ആദ്യ ഇന്നിംഗ്‌സിൽ 358 റൺസിന് ആൾഔട്ടായ ഇന്ത്യയ്‌ക്കെതിരെ ഇംഗ്‌ളണ്ട് ഒന്നാം ഇന്നിംഗ്‌സിൽ 669 റൺസാണ് അടിച്ചുകൂട്ടിയത്. തുടർന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ അഞ്ചാം 425/4 എന്ന നിലയിലെത്തിയപ്പോഴാണ് സമനില സമ്മതിച്ച് അമ്പയർമാർ സ്റ്റംപെടുത്തത്. തോൽവി മുന്നിൽക്കണ്ട ഇന്ത്യ 114 റൺസിന് മുന്നിലെത്തിയപ്പോഴാണ് കളി അവസാനിപ്പിച്ചത്. ഈ പരമ്പരയിലെ നാലാം സെഞ്ച്വറി നേടി ക്യാപ്ടൻ ശുഭ്മാൻ ഗില്ലും (103),90 റൺസടിച്ച് കെ.എൽ രാഹുലും പുറത്തായശേഷമാണ് ജഡേജയും സുന്ദറും ക്രീസിൽ ഒരുമിച്ചത്.
ഇന്നിംഗ്‌സ് തോൽവി വഴങ്ങാതിരിക്കാൻ 137 റൺസ് കൂടി വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് ഇന്നലെ കെ.എൽ രാഹുലിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. സെഞ്ച്വറി തികച്ച ശേഷം ഗില്ലും മടങ്ങിയെങ്കിലും അഞ്ചാം വിക്കറ്റിൽ ഒരുമിച്ച രവീന്ദ്ര ജഡേജയുംവാഷിംഗ്ടൺ സുന്ദറും ചേർന്ന് പോരാട്ടം മുന്നോട്ടുകൊണ്ടുപോയി. നാലാം ദിനത്തിൽ 87 റൺസ് നേടിയിരുന്ന കെ.എൽ രാഹുലിന് ഇന്നലെ മൂന്നുറൺസ് കൂടിയേ നേടാനായുള്ളൂ. രാവിലത്തെ ഏഴാം ഓവറിൽ ബെൻ സ്റ്റോക്‌സ് രാഹുലിനെ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു.
അഞ്ചുമണിക്കൂർ ക്രീസിൽ പിടിച്ചുനിന്ന് 230 പന്തുകൾ നേരിട്ട രാഹുൽ എട്ടുബൗണ്ടറികൾ പായിച്ചു. ഗില്ലിനൊപ്പം മൂന്നാം വിക്കറ്റിൽ 186 റൺസിന്റെ കൂട്ടുകെട്ടാണ് രാഹുൽ പടുത്തുയർത്തിയത്.
രാഹുൽ മടങ്ങിയശേഷം വാഷിംഗ്ടൺ സുന്ദറാണ് ക്രീസിലെത്തിയത്. സുന്ദറിനെ കൂട്ടുനിറുത്തി ഗിൽ പരമ്പരയിലെ തന്റെ നാലാം സെഞ്ച്വറി തികച്ചു.എന്നാൽ തുടർന്ന് അധികനേരം തുടരാൻ ഗില്ലിന് കഴിഞ്ഞില്ല. ആറുമണിക്കൂറും 19 മിനിട്ടും ക്രീസിൽ നിന്ന് 238 പന്തുകൾ നേരിട്ട് 12 ബൗണ്ടറികളടക്കം 103 റൺസടിച്ച ഇന്ത്യൻ നായകനെ ജൊഫ്ര ആർച്ചർ കീപ്പർ സ്മിത്തിന്റെ കയ്യിലെത്തിക്കുകയായിരുന്നു.
ഇതോടെ ഇന്ത്യ 222/4 എന്ന നിലയിലായി. അപ്പോൾ 89 റൺസായിരുന്നു ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ വേണ്ടിയിരുന്നത്.തുടർന്നെത്തിയ രവീന്ദ്ര ജഡേജ സ്‌കോർ ബോർഡ് തുറക്കും മുന്നേ 223/4 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞു. ലഞ്ചിന് ശേഷം ജഡേജയും സുന്ദറും പൊരുതിനിന്ന് 300 കടത്തി. രണ്ട് ബൗണ്ടറികളും ഒരു സിക്‌സുംപായിച്ച സുന്ദർ നേരിട്ട 117-ാമത്തെ പന്തിൽ അർദ്ധസെഞ്ച്വറിയിലെത്തി.
പിന്നാലെ സ്റ്റോക്‌സിനെതിരെ ബൗണ്ടറി പായിച്ച് രവീന്ദ്ര ജഡേജ അർദ്ധസെഞ്ച്വറി തികയ്ക്കുകയും ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കുകയും ചെയ്തു.തുടർന്ന് ഇരുവരും തകർത്തടിച്ച് സെഞ്ച്വറിയിലെത്തിയപ്പോൾ ഇംഗ്‌ളണ്ടിന് രണ്ടാം ഇന്നിംഗ്‌സിന് സമയം ഇല്ലാതെ പോവുകയായിരുന്നു. ബെൻ സ്റ്റോക്‌സാണ് മാൻ ഒഫ് ദ മാച്ച്.
143 ഓവറുകളാണ് രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ ബാറ്റ് ചെയ്തത്. നാലു വിക്കറ്റുകൾ മാത്രമാണ് നഷ്ടപ്പെടുത്തിയത്.ത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്