കോഴിക്കോട്: ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അസ്സീസിയുടെ മേൽനോട്ടത്തിൽ കൈറോയിൽ നടക്കുന്ന 36-ാമത് അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തിൽ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഇന്ത്യയെ പ്രതിനിധീകരിക്കും.
ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായാണ് ജാമിഅ മർകസ് പ്രൊചാൻസിലറും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായ ഡോ. ഹുസൈൻ സഖാഫി സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ഈജിപ്ത് സുപ്രീം കൗൺസിൽ ഓഫ് ഇസ്‌ലാമിക് അഫേഴ്‌സിന്റെ ആഭിമുഖ്യത്തിൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്തെ തൊഴിലുകളുടെ ധാർമികതയും സാധ്യതയും' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 50 ലധികം രാജ്യങ്ങളിൽ നിന്നുള്ള മുഫ്തിമാരും യൂണിവേഴ്‌സിറ്റി തലവന്മാരും പണ്ഡിതരും ഗവേഷകരും പങ്കെടുക്കും.
'പരമ്പരാഗത തൊഴിലുകളും പുതിയ സാധ്യതകളും' എന്ന വിഷയത്തിൽ ഇന്ന്(ചൊവ്വ) ഉച്ചക്ക് ശേഷം നടക്കുന്ന ചർച്ചയിൽ ഡോ. ഹുസൈൻ സഖാഫി പ്രബന്ധം അവതരിപ്പിക്കും. സാമ്പത്തിക വിശുദ്ധി, തൊഴിൽ ധാർമികത, ഓൺലൈൻ വ്യവസായങ്ങളും ധാർമികതയും, ഡിജിറ്റൽ മാർക്കറ്റിങ്ങും കൃത്രിമ ബുദ്ധിയും തുടങ്ങിയ വിവിധ വിഷയങ്ങളിലെ ഇസ്‌ലാമിക വീക്ഷണങ്ങൾ രണ്ടു ദിവസത്തെ സമ്മേളനം ചർച്ച ചെയ്യും.
ഈജിപ്ത് മതകാര്യ വകുപ്പ് മന്ത്രി ഡോ. ഉസാമ അൽ അസ്ഹരി, ഗ്രാൻഡ് മുഫ്തി ഡോ. നാസിർ അയ്യദ്, ശൈഖുൽ അസ്ഹർ ഡോ. അഹ്മദ് ത്വയ്യിബിന്റെ പ്രതിധിനി ഡോ. മുഹമ്മദ് അബ്ദുറഹ്മാൻ ളുവൈനി, ജോർദാൻ മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് മുസ്‌ലിം അൽ ഖലൈഹ്, ഒമാൻ മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മാമാരി, ഫലസ്തീൻ ചീഫ് ജഡ്ജ് മഹ്മൂദ് അൽ ഹബാഷ്, ബഹ്‌റൈൻ ഇസ്‌ലാമിക് സുപ്രീം കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ ബിൻ മുഹമ്മദ്, ജിബൂട്ടി മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഅ്മിൻ ഹസൻ തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.
നേരത്തെ യുഎഇ, റഷ്യ, ജോർദാൻ, അമേരിക്ക, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിലും ഡോ. ഹുസൈൻ സഖാഫി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മർകസ് ഹയർ എഡുക്കേഷൻ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ അക്ബർ ബാദുഷ സഖാഫിയും സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
