മയാമി: 2026 ലോകകപ്പിന് ശേഷം താന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന സഹോദരി കാതിയ അവെയ്റോയുടെ പ്രസ്താവന പൂര്‍ണ്ണമായും തള്ളി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഈ ഘട്ടത്തില്‍ ധൃതിപിടിച്ച് ഒരു തീരുമാനവും താന്‍ എടുക്കില്ലെന്നും പോര്‍ച്ചുഗല്‍ ദേശീയ ടീമിനായുള്ള പോരാട്ടങ്ങളില്‍ മാത്രമാണ് തന്റെ ശ്രദ്ധയെന്നും റൊണാള്‍ഡോ വ്യക്തമാക്കി. കളിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സാഹചര്യത്തില്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് വ്യക്തമാക്കിയ റൊണാള്‍ഡോ, ടൂര്‍ണമെന്റിലെ പ്രകടനങ്ങള്‍ക്ക് ശേഷം കുടുംബവുമായി ആലോചിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും കൂട്ടിച്ചേര്‍ത്തു. ദേശീയ ടീമിനെ വിജയങ്ങളിലേക്ക് നയിക്കുക എന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്രൊയേഷ്യക്കെതിരായ പോര്‍ച്ചുഗലിന്റെ മത്സരത്തിന് മുന്നോടിയായി ടൊറന്റോയിലെ ബിഎംഒ ഫീല്‍ഡിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കാതിയ അവീറോ റൊണാള്‍ഡോയുടെ വിരമിക്കല്‍ സൂചന നല്‍കിയത്. 41-ാം വയസ്സില്‍ കളിക്കുന്ന ക്രിസ്റ്റ്യാനോയുടെ കരിയറിലെ അവസാന ടൂര്‍ണമെന്റായിരിക്കും 2026 ഫിഫ ലോകകപ്പ് എന്ന് വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അവര്‍ പ്രസ്താവിച്ചിരുന്നു. ഇത് റൊണാള്‍ഡോയുടെ 'ലാസ്റ്റ് ഡാന്‍സ്' ആണെന്നും ഫുട്‌ബോള്‍ ആരാധകര്‍ ഈ നിമിഷങ്ങള്‍ പരമാവധി ആസ്വദിക്കണമെന്നും കാതിയ പറഞ്ഞിരുന്നു.
കരിയറിലെ 1000 ഗോളുകള്‍ എന്ന നാഴികക്കല്ല് തികച്ച ശേഷമാണോ വിരമിക്കല്‍ എന്ന ചോദ്യത്തിന്, താന്‍ താരത്തിന്റെ ക്ലബ്ബ് കരിയറിനെക്കുറിച്ചല്ല, മറിച്ച് ദേശീയ ടീമില്‍ നിന്നുള്ള വിടപറയലിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സഹോദരിയുടെ ഈ വെളിപ്പെടുത്തലുകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സിആര്‍7.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
