ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളുടെ ലിംഗമാറ്റ ചികിത്സയ്ക്കുള്ള മെഡിക്കെയ്ഡ് സാമ്പത്തിക സഹായം ട്രംപ് ഭരണകൂടം നിര്‍ത്തലാക്കുന്നു

AUGUST 12, 2026, 12:28 PM

വാഷിംഗ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നല്‍കി വരുന്ന ലിംഗമാറ്റ ചികിത്സകള്‍ക്കുള്ള സാമ്പത്തിക സഹായം പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചു. മെഡിക്കെയ്ഡ്, ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രോഗ്രാം എന്നീ ഫെഡറല്‍ ആരോഗ്യ പദ്ധതികള്‍ ഇനിമുതല്‍ ഇത്തരം ചികിത്സകള്‍ക്ക് പണം നല്‍കില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് അറിയിച്ചു.

ഒരു വര്‍ഷത്തിലേറെയായി ഇത് സംബന്ധിച്ച് നടന്നുവന്ന ഭരണപരമായ നടപടികള്‍ക്കൊടുവിലാണ് ഓഗസ്റ്റ് 12 ന് അന്തിമ ചട്ടം പുറപ്പെടുവിച്ചത്. കുട്ടികളുടെ ശരീരത്തിന് ഒരിക്കലും പരിഹരിക്കാനാകാത്ത ആഘാതമാണ് ഇത്തരം രീതികള്‍ ഉണ്ടാക്കുന്നതെന്നും, നിരപരാധികളായ കുട്ടികളില്‍ ഇത്തരം ശസ്ത്രക്രിയകളും ചികിത്സകളും നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ ഫണ്ട് അനുവദിക്കില്ലെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പുതിയ നിയമം ഒക്ടോബര്‍ 13 മുതല്‍ നിലവില്‍ വരും. എന്നാല്‍ നിലവില്‍ ഹോര്‍മോണ്‍ തെറാപ്പിക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന കുട്ടികള്‍ക്കായി ആറ് മാസത്തെ സാവകാശം നല്‍കാന്‍ വ്യവസ്ഥയുണ്ട്.

അതേസമയം കുട്ടികളുടെ മാനസികാരോഗ്യ പരിരക്ഷയ്ക്കുള്ള ഫണ്ടിംഗിനെ ഈ തീരുമാനം ബാധിക്കില്ല. കുട്ടികളുടെ സംരക്ഷണമാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും തെളിയിക്കപ്പെട്ട ഗുണങ്ങളില്ലാത്തതും വന്‍ അപകടസാധ്യതയുള്ളതുമായ പരീക്ഷണാത്മക ചികിത്സകളില്‍ നിന്ന് അവരെ രക്ഷിക്കേണ്ടതുണ്ടെന്നും സെന്റര്‍സ് ഫോര്‍ മെഡികെയര്‍ ആന്‍ഡ് മെഡിക്കെയ്ഡ് സര്‍വീസസ് മേധാവി ഡോ. മെഹ്മത് ഓസ് വ്യക്തമാക്കി. നിലവില്‍ എത്ര കുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ ലിംഗമാറ്റ ചികിത്സ ലഭിക്കുന്നുണ്ടെന്നോ, ഇതിനായി കേന്ദ്ര സര്‍ക്കാര്‍ എത്ര തുക ചെലവഴിക്കുന്നുണ്ടെന്നോ ഉള്ള വിവരങ്ങള്‍ എച്ച്.എച്ച്.എസ് വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ ലോകമെമ്പാടുമുള്ള മുപ്പതിലധികം പ്രധാന മെഡിക്കല്‍ സംഘടനകള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവാക്കളുടെയും മുതിര്‍ന്നവരുടെയും ആരോഗ്യപരിരക്ഷയെ പിന്തുണയ്ക്കുന്നുണ്ട്. ഇത്തരം ചികിത്സകള്‍ ഈ വിഭാഗത്തില്‍പ്പെട്ട വ്യക്തികളിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അവരുടെ നിലപാട്. ഭൂരിഭാഗം ആളുകളും മുതിര്‍ന്ന ശേഷമാണ് ഇത്തരം ചികിത്സകള്‍ തേടാറുള്ളതെങ്കിലും, ഈ സേവനം ഉപയോഗിക്കുന്ന നാലിലൊരാള്‍ മെഡിക്കെയ്ഡ് ഇന്‍ഷുറന്‍സിനെ ആശ്രയിക്കുന്നവരാണ്. ഒരു ചെറുപ്പക്കാരന്റെ ആരോഗ്യകാര്യത്തിലെ തീരുമാനങ്ങള്‍ രോഗിയും മാതാപിതാക്കളും ഡോക്ടറും തമ്മിലാണ് കൈക്കൊള്ളേണ്ടതെന്നും രാഷ്ട്രീയക്കാരല്ല അത് തീരുമാനിക്കേണ്ടതെന്നും ജനപ്രതിനിധിയായ മാര്‍ക്ക് തകാനോ വിമര്‍ശിച്ചു.

2025 ജനുവരിയില്‍ ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവോടെയാണ് കുട്ടികളുടെ ലിംഗമാറ്റ ചികിത്സകള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമായത്. തുടര്‍ന്ന് ഏപ്രിലില്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്കോ ഹോര്‍മോണ്‍ ചികിത്സകള്‍ക്കോ മെഡിക്കെയ്ഡ് ഫണ്ട് ഉപയോഗിക്കരുതെന്ന് ഡോ. ഓസ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡിസംബറില്‍ എച്ച്.എച്ച്.എസ് സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ ഇത്തരം ചികിത്സകള്‍ നല്‍കുന്ന ആശുപത്രികള്‍ക്കുള്ള ഫണ്ടിംഗ് തടയുന്നതിനുള്ള ഭരണപരമായ പ്രക്രിയകള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന് പുറമെ, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ബ്രസ്റ്റ് ബൈന്‍ഡറുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് ജന്‍ഡര്‍ ഡിസ്‌ഫോറിയ ബാധിച്ച കുട്ടികള്‍ക്കായി ഇവ വിപണനം ചെയ്യരുതെന്ന് കാണിച്ച് മുന്നറിയിപ്പ് കത്തുകള്‍ അയക്കുകയും ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam