ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് പുനെയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ എസി പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന് മണിക്കൂറുകളോളം യാത്രക്കാര്‍ നേരിട്ടത് നരകയാതന. കടുത്ത ചൂടും വായുസഞ്ചാരമില്ലാത്ത അവസ്ഥയും കാരണം വിമാനത്തിനുള്ളില്‍ ശ്വാസം മുട്ടുന്ന സാഹചര്യമുണ്ടായെന്നും ഒരു ഗ്യാസ് ചേംബര്‍ പോലെയായി മാറിയെന്നും യാത്രക്കാര്‍ ആരോപിച്ചു. ഗര്‍ഭിണിയായ യാത്രക്കാരി ഉള്‍പ്പെടെയുള്ളവര്‍ ദേഹാസ്വസ്ഥ്യം കാരണം അവശരായതോടെ യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുകയും വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1-ല്‍ നിന്ന് രാത്രി 9.45 ന് പുറപ്പെടേണ്ടിയിരുന്ന SG105 സ്‌പൈസ്‌ജെറ്റ് വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സമയം വൈകി 10.30 ഓടെ യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ച ശേഷമാണ് എസി തകരാറിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. തകരാര്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ 150-ഓളം വരുന്ന യാത്രക്കാര്‍ കാത്തിരുന്നെങ്കിലും അസഹ്യമായ ചൂടില്‍ എല്ലാവരും വിയര്‍ത്തൊലിക്കുന്ന അവസ്ഥയിലായി.
യാത്രക്കാരും ക്യാബിന്‍ ക്രൂവും കടുത്ത ചൂടില്‍ വലയുമ്പോഴും വിമാനം ടേക്ക് ഓഫിനായി റണ്‍വേയിലേക്ക് നീക്കുകയായിരുന്നു. ഇതോടെ കുട്ടികളും പ്രായമായവരും ഗര്‍ഭിണികളും അടക്കമുള്ള യാത്രക്കാര്‍ വലിയ ഭീതിയിലായി. വിമാനത്തിനുള്ളില്‍ കുട്ടികള്‍ കരയുകയും യാത്രക്കാര്‍ ബഹളം വെക്കുകയും ചെയ്തതോടെ പ്രശ്‌നം പരിഹരിക്കാന്‍ എസിക്ക് പകരം ബ്ലോവറുകള്‍ പ്രവര്‍ത്തിപ്പിച്ചു. എന്നാല്‍ ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. ബ്ലോവറില്‍ നിന്ന് ചൂടുള്ള കാറ്റ് അടിച്ചതോടെ വിമാനത്തിനുള്ളില്‍ വായു സഞ്ചാരം പൂര്‍ണമായി നിലച്ച് ശ്വാസം മുട്ടുന്ന അവസ്ഥയായി.
ഇതിനിടെ ഒരു ഗര്‍ഭിണിക്ക് കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും അവശയായി വീഴുന്ന ഘട്ടത്തിലെത്തുകയും ചെയ്തു. ഇതോടെ യാത്രക്കാരുടെ പ്രതിഷേധം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് അധികൃതര്‍ ടേക്ക് ഓഫ് നിര്‍ത്തിവെച്ച് യാത്രക്കാരെ പുറത്തിറക്കാന്‍ നിര്‍ബന്ധിതരായി. വിമാനത്തില്‍ നിന്ന് ഇറക്കിയ യാത്രക്കാരോട് 20 മിനിറ്റ് കാത്തിരിക്കാന്‍ പറഞ്ഞെങ്കിലും രണ്ട് മണിക്കൂറോളം റണ്‍വേയില്‍ തുടരേണ്ടി വന്നതായും പരാതിയുണ്ട്. ഒടുവില്‍ പുലര്‍ച്ചെ 5 മണിയോടെ മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയാണ് യാത്രക്കാരെ പുനെയിലെത്തിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സ്‌പൈസ്‌ജെറ്റിന്റെ മോശം സേവനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകിയതെന്നാണ് വിഷയത്തില്‍ സ്‌പൈസ്‌ജെറ്റ് വക്താവ് നല്‍കുന്ന വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
