ടാറ്റയിൽ നേതൃത്വ പ്രതിസന്ധി; ടാറ്റ സൺസ് ചെയർമാൻ ചന്ദ്രശേഖരൻ പിന്മാറുന്നു

AUGUST 12, 2026, 3:32 AM

മുംബൈ: ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളിലൊന്നായ ടാറ്റ സൺസിന്റെ ചെയർമാൻ എൻ. ചന്ദ്രശേഖരൻ പുനർനിയമനം തേടേണ്ടെന്ന് തീരുമാനിച്ചു. നിലവിലെ കാലാവധി അവസാനിക്കുന്നതുവരെ അദ്ദേഹം ചെയർമാൻ സ്ഥാനത്ത് തുടരും. ആറുമാസം കാലാവധി ബാക്കിനിൽക്കെയാണ് ചന്ദ്രശേഖരന്റെ തീരുമാനം പുറത്തുവന്നത്. ഓഗസ്റ്റ് 18ന് ടാറ്റ സൺസിന്റെ വാർഷിക പൊതുയോഗം നടക്കാനിരിക്കെയാണ് പ്രഖ്യാപനം.

ടാറ്റ സൺസിലെ നേതൃത്വവുമായി ബന്ധപ്പെട്ട തീരുമാനത്തിൽ മാസങ്ങളായി നിലനിൽക്കുന്ന അനിശ്ചിതത്വത്തിനിടെയാണ് ചന്ദ്രശേഖരന്റെ പിന്മാറ്റം. പുനർനിയമനത്തിന് ബോർഡിന്റെ ഏകകണ്ഠമായ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്ന് അദ്ദേഹം ബോർഡിന് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ കാലാവധി 2027 ഫെബ്രുവരി 20ന് അവസാനിക്കും.

ടാറ്റ സൺസിനെ അഞ്ച് വർഷത്തേക്ക് കൂടി നയിക്കാൻ സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും ശുപാർശ ചെയ്തിരുന്നു. ടാറ്റ സൺസിന്റെ നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റിയും ബോർഡും ഇത് അംഗീകരിച്ചിരുന്നു. എന്നാൽ 2026 ഫെബ്രുവരി 24ന് നടന്ന ബോർഡ് യോഗത്തിൽ പ്രമേയത്തിന് ഏകകണ്ഠമായ പിന്തുണ ലഭിച്ചില്ല. തുടർന്ന് ആറുമാസമായിട്ടും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടായില്ലെന്നാണ് ചന്ദ്രശേഖരൻ പറയുന്നത്.

vachakam
vachakam
vachakam

നേതൃത്വത്തെക്കുറിച്ച് വ്യക്തത അനിവാര്യമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ടാറ്റ സൺസ് നിരവധി തന്ത്രപ്രധാന പദ്ധതികളുടെ നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 2027 ഫെബ്രുവരിക്ക് ശേഷം ഗ്രൂപ്പിനെ നയിക്കാൻ പുതിയ നേതാവ് ഉണ്ടാകേണ്ടത് അനിവാര്യമാണ്. ജീവനക്കാർക്കും നിക്ഷേപകർക്കും പങ്കാളികൾക്കും നേതൃത്വത്തിൽ വ്യക്തത ആവശ്യമാണ് എന്ന നിലപാടിലാണ് ചന്ദ്രശേഖരൻ.

ചന്ദ്രശേഖരന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ടാറ്റ സൺസിന്റെ ഭാവി, കമ്പനിയുടെ സാധ്യതയുള്ള ലിസ്റ്റിങ്, എയർ ഇന്ത്യയിലെ നഷ്ടങ്ങൾ, ബോർഡ് പ്രതിനിധാനം തുടങ്ങിയ വിഷയങ്ങളിൽ ഇരുവിഭാഗങ്ങൾക്കുമിടയിൽ ഭിന്നതകൾ നിലനിന്നിരുന്നു. ചന്ദ്രശേഖരന്റെ രാജിയുടെ പ്രധാന കാരണം ടാറ്റ ട്രസ്റ്റുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

രത്തൻ ടാറ്റയുടെ മരണത്തിന് പിന്നാലെ ടാറ്റ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഭരണവുമായി ബന്ധപ്പെട്ട് ഉയർന്ന അഭിപ്രായവ്യത്യാസങ്ങൾക്കിടെയാണ് ഇപ്പോഴത്തെ സംഭവവികാസം. ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മുമ്പും സമാനമായ ഭരണപരമായ പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. 2016ൽ സൈറസ് മിസ്ത്രിയെ ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതും വലിയ കോർപ്പറേറ്റ് തർക്കത്തിന് വഴിവെച്ചിരുന്നു.

vachakam
vachakam
vachakam

1987ൽ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റ കൺസൾട്ടൻസി സർവീസസിൽ (TCS) ട്രെയിനിയായി കരിയർ ആരംഭിച്ച ചന്ദ്രശേഖരൻ പിന്നീട് 2009ൽ TCS ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി. 2017ലാണ് ടാറ്റ സൺസിന്റെ ചെയർമാനായത്. ഏകദേശം നാല് പതിറ്റാണ്ട് നീണ്ട ടാറ്റ ഗ്രൂപ്പിലെ പ്രൊഫഷണൽ ജീവിതത്തിന് ശേഷമാണ് അദ്ദേഹം പിന്മാറ്റ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

ടാറ്റ സൺസിന് കീഴിൽ TCS, ടാറ്റ മോട്ടോഴ്സ്, എയർ ഇന്ത്യ ഉൾപ്പെടെ 30ലധികം കമ്പനികളാണ് പ്രവർത്തിക്കുന്നത്. ചന്ദ്രശേഖരന്റെ പിന്മാറ്റ വാർത്ത പുറത്തുവന്നതോടെ ടാറ്റ ഗ്രൂപ്പിലെ പ്രധാന ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളിലും ഇടിവ് രേഖപ്പെടുത്തി. TCS, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ടൈറ്റൻ തുടങ്ങിയ ഓഹരികൾ സമ്മർദ്ദത്തിലായി.

ചന്ദ്രശേഖരന്റെ നിലവിലെ കാലാവധി അവസാനിക്കുന്നതോടെ ടാറ്റ സൺസിന് പുതിയ ചെയർമാനെ കണ്ടെത്തേണ്ടി വരും. ഓഗസ്റ്റ് 18ലെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായി പുറത്തുവന്ന തീരുമാനം ടാറ്റ ഗ്രൂപ്പിന്റെ ഭാവി നേതൃത്വത്തിലേക്കാണ് ഇപ്പോൾ ശ്രദ്ധ തിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam