പാല്‍ഘര്‍: വാഹനാപകടത്തില്‍പ്പെട്ട 19 കാരിയെ ആറംഗ സംഘം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ തലസാരിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തായ യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഓടിച്ച ശേഷമായിരുന്നു അക്രമികളുടെ ക്രൂരത. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികളെ തലസാരി പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള ബാക്കി മൂന്ന് പേര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഗുജറാത്തിലെ ഉമര്‍ഗാവിലേക്ക് പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം റോഡില്‍ തെന്നിവീഴുകയായിരുന്നു. അപകടം നടന്നയുടന്‍ അതുവഴി മോട്ടോര്‍സൈക്കിളില്‍ എത്തിയ മൂന്നുപേര്‍ ഇവരെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ഫോണ്‍ വിളിച്ച് മറ്റ് മൂന്ന് സുഹൃത്തുക്കളെക്കൂടി സംഭവസ്ഥലത്തേക്ക് വരുത്തുകയുമായിരുന്നു. ആറംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ച് സ്ഥലത്തുനിന്ന് ഓടിച്ചതിനുശേഷം, പെണ്‍കുട്ടിയെ സമീപത്തുള്ള പഴയ ബംഗ്ലാവിന് അടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്.
തിങ്കളാഴ്ച പെണ്‍കുട്ടിയും മര്‍ദനമേറ്റ യുവാവും തലസാരി പോലീസ് സ്റ്റേഷനിലെത്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിജീവിതയുടെ മൊഴിയില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു പ്രതിയെ ആദ്യം കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച നടത്തിയ തുടര്‍ പരിശോധനകളിലാണ് മറ്റ് രണ്ട് പ്രതികള്‍ കൂടി പിടിയിലായത്. ഒളിവിലുള്ള ബാക്കി മൂന്ന് പ്രതികളെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചിട്ടുണ്ടെന്ന് തലസാരി പോലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
