ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ ഏകദിനത്തിൽ പാകിസ്ഥാനെതിരെ ന്യൂസിലൻഡിന് ജയം. ലാഹോർ, ഗദ്ദാഫി സ്റ്റേഡിയത്തിൽ 78 റൺസിനായിരുന്നു ന്യൂസിലൻഡിന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് ഗ്ലെൻ ഫിലിപ്‌സിന്റെ (74 പന്തിൽ പുറത്താവാതെ 106) സെഞ്ചുറി കരുത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 330 റൺസാണ് നേടുന്നത്. ഡാരിൽ മിച്ചൽ (84 പന്തിൽ 81), കെയ്ൻ വില്യംസൺ (89 പന്തിൽ 58) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിൽ പാകിസ്ഥാന് 47.5 ഓവറിൽ 252 റൺസ് നേടാനാണ് സാധിച്ചത്.
84 റൺസെടുത്ത് ഫഖർ സമാൻ മാത്രമാണ് പാക് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്. 40 റൺസെടുത്ത സൽമാൻ അഗ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബാബർ അസം (10), കമ്രാൻ ഗുലാം (18), മുഹമ്മദ് റിസ്വാൻ (3) എന്നിവർ നിരാശപ്പെടുത്തി. തയ്യബ് താഹിർ (30), ഖുഷ്ദിൽ ഷാ (15), ഷഹീൻ അഫ്രീദി (10), നസീം ഷാ (13) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. അബ്രാർ അഹമ്മദ് (23) പുറത്താവാതെ നിന്നു. ഹാരിസ് റൗഫ് റിട്ടയേർഡ് ഔട്ടായി. കിവീസിന് വേണ്ടി ക്യാപ്ടൻ മിച്ചൽ സാന്റ്‌നർ, മാറ്റ് ഹെൻറി എന്നിവർ മൂന്ന് വിക്കറ്റ് വീഴ്ത്തി. മൈക്കൽ ബ്രേസ്വെല്ലിന് വിക്കറ്റുണ്ട്.
നേരത്തെ, മോശം തുടക്കമായിരുന്നു ന്യൂസിലൻഡിന്. സ്‌കോർ ബോർഡിൽ 39 റൺസുള്ളപ്പോൾ ഓപ്പണർമാരായ വിൽ യംഗ് (4), രചിൻ രവീന്ദ്ര (35) എന്നിവരുടെ വിക്കറ്റുകൾ കിവീസിന് നഷ്ടമായി. യംഗിനെ ഷഹീൻ അഫ്രീദി, വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന്റെ കൈകളിലെത്തിച്ചപ്പോൾ രവീന്ദ്രയെ അബ്രാർ അഹമ്മദ് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ വില്യംസൺ-മിച്ചൽ സഖ്യം 95 റൺസ് കൂട്ടിചേർത്തു. എന്നാൽ വില്യംസണിന്റെ ഇന്നിംഗ്‌സിന് ഒട്ടും വേഗം പോരായിരുന്നു. 89 പന്തുകൾ നേരിട്ട താരം ഏഴ് ഫോറുകൾ നേടി. ഷഹീന്റെ പന്തിൽ റിസ്വാന് ക്യാച്ച് നൽകിയാണ് വില്യംസൺ മടങ്ങിയത്.
തുടർന്നെത്തിയ ടോം ലാഥം (0) നിരാശപ്പെടുത്തി. ഹാരിസ് റൗഫിന് വിക്കറ്റ്. പിന്നാലെ മിച്ചൽ - ഫിലിപ്‌സ് സഖ്യം 65 റൺസ് കൂട്ടിചേർത്തു. 38-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. മിച്ചൽ പുറത്താവുമ്പോൾ 37.5 ഓവറിൽ അഞ്ചിന് 200 എന്ന നിലയിലായി കിവീസ്. നാല് സിക്‌സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗ്‌സ്. പിന്നീട് ഫിലിപ്‌സ് - മൈക്കൽ ബ്രേസ്വെൽ (31) സഖ്യം 54 റൺസും കൂട്ടിചേർത്തു. 46-ാം ഓവറിൽ ബ്രേസ്വെല്ലും മടങ്ങി. ശേഷിക്കുന്ന 25 പന്തുകൾക്കിടെ ഫിലിപ്‌സ് - മിച്ചൽ സാന്റ്‌നർ (8) സഖ്യം 76 റൺസാണ് അടിച്ചെടുത്തത്. അവസാന ഓവറിൽ ഫിലിപ്‌സ് സെഞ്ചുറിയും പൂർത്തിയാക്കി. 74 പന്തുകൾ മാത്രം നേരിട്ട താരം ഏഴ് സിക്‌സും ആറ് ഫോറും നേടി. അഫ്രീദി 10 ഓവർ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 88 റൺസ് വിട്ടുകൊടുത്തു. അബ്രാർ അഹമ്മദിന് രണ്ടും ഹാരിസ് റൗഫിന് ഒരു വിക്കറ്റുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്