ഇന്ത്യൻ വനിതകൾക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. ലോർഡ്‌സിൽ മഴയെ തുടർന്ന് 29 ഓവറാക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസാണ് നേടിയത്.
സ്മൃതി മന്ദാന (42), ദീപ്തി ശർമ (പുറത്താവാതെ 30) എന്നിവർ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റോൺ മൂന്നും എം അർലോട്ട്, ലിൻസി സ്മിത്ത് എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് വിജയത്തിലേക്ക് നീങ്ങവെ വീണ്ടും മഴയെത്തി. ഇതോടെ ആതിഥേയരുടെ വിജയലക്ഷ്യം 24 ഓവറിൽ 115 ആയി കുറച്ചു. 21 ഓവറിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടക്കുകയും ചെയ്തു. ആമി ജോൺസ് (57 പന്തിൽ പുറത്താവാതെ 46), ടാമി ബ്യൂമോണ്ട് (34) എന്നിവരാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-1 ഒപ്പെത്തി.
മികച്ച തുടക്കമായിരുന്നു ഇംഗ്ലീഷ് വനിതകൾക്ക് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ ബ്യൂമോണ്ട് - ജോൺസ് സഖ്യം 54 റൺസ് ചേർത്തു. എന്നാൽ 11-ാം ഓവറിൽ ബ്യൂമോണ്ടിനെ സ്‌നേഹ് റാണ വിക്കറ്റിന് മുന്നിൽ കുടുക്കി. തുടർന്നെത്തിയ നാറ്റ് സ്‌കിവർ ബ്രൻഡിനെ (21) ക്രാന്തി ഗൗത് ബൗൾഡാക്കിയെങ്കിലും സോഫിയ ഡങ്ക്‌ലിയെ (9) കൂട്ടുപിടിച്ച് ജോൺസ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്.
രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് റൺസെടുത്ത പ്രതിക റാവലിനെ ആർലോട്ട് ബൗൾഡാക്കി. തുടർന്ന് മൂന്നാം വിക്കറ്റിൽ സ്മൃതി - ഹർലീൻ ഡിയോൾ (16) സഖ്യം 40 റൺസ് കൂട്ടിചേർത്തു. ഇരുവരും മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ രക്ഷപ്പെടുത്തുമെന്ന് തോന്നിച്ചെങ്കിലും എക്ലെസ്റ്റോണിന്റെ പന്തിൽ ഹർലീൻ പുറത്തായി.
പിന്നാലെ എത്തിയ ക്യാപ്ടൻ ഹർമൻപ്രീത് കൗറിന് (7) ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. ഹർമൻ, എക്ലെസ്റ്റോണിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു. ജമീമ റോഡ്രിഗസ് (3) ആവട്ടെ ചാർലി ഡീനിന്റെ പന്തിൽ റിട്ടേൺ ക്യാച്ച് നൽകി മടങ്ങി. വിക്കറ്റ് കീപ്പർ റിച്ചാ ഘോഷിനും (2) തിളങ്ങാനായില്ല. എക്ലെസ്റ്റോണിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു താരം.
21-ാം ഓവറിൽ മന്ദാന പവലിയനിൽ തിരിച്ചെത്തിയതും ഇന്ത്യക്ക് തിരിച്ചടിയായി. സ്മിത്തിന്റെ പന്തിൽ ചാർലി ഡീനിന് ക്യാച്ച് നൽകുകയായിരുന്നു താരം. അഞ്ച് ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തുടർന്ന് അരുന്ധതി റെഡ്ഡി (14), സ്‌നേഹ് റാണ (6), ക്രാന്തി ഗൗത് (4) എന്നിവരെ കൂട്ടുപിടിച്ച് ദീപ്തി ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. 34 പന്തുകൾ നേരിട്ട ദീപ്തി രണ്ട് ബൗണ്ടറികൾ നേടി.
ആദ്യ ഏകദിനം കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അമൻജോത് കൗറിന് പകരം അരുന്ധതി റെഡ്ഡി ടീമിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്