മൽസരിച്ച ആദ്യ ലോകകപ്പിൽ തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി കായികലോകത്തെ ഞെട്ടിച്ച കേപ് വെർദെയ്ക്ക് വൻ തിരിച്ചടി. കേപ് വെർദെ നായകനും ഫോർവേഡുമായ റയാൻ മെൻഡെസിനെതിരെ ബലാൽസംഗക്കേസിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ന്യൂസിലാൻഡിൽ വച്ച് നടന്ന സംഭവത്തിൽ ഒരു ബ്രസീലിയൻ യുവതി നൽകിയ പരാതിയിലാണ് 36കാരനായ ക്യാപ്ടനെതിരെ കടുത്ത നടപടികളിലേക്ക് അധികൃതർ നീങ്ങുന്നത്.
ബ്രസീലിയൻ വാർത്താ മാധ്യമമായ 'ഗ്ലോബോ' പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ മാർച്ച് 27 മുതൽ 30 വരെ ന്യൂസിലാൻഡിൽ നടന്ന ഫിഫ ഫ്രണ്ട്‌ലി സീരീസിനിടെയാണ് സംഭവം. ടൂർണമെന്റിൽ കേപ് വെർദെ ടീമിന്റെ ഔദ്യോഗിക പരിഭാഷകയായി ജോലി ചെയ്തിരുന്ന ബ്രസീലിയൻ യുവതിയാണ് മെൻഡെസിനെതിരെ പരാതി നൽകിയത്. ഓക്ലൻഡിലെ ടീം ഹോട്ടലിൽ വച്ച് മെൻഡെസ് തന്റെ മുറിയിൽ അതിക്രമിച്ചു കയറി ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചു എന്നാണ് യുവതിയുടെ മൊഴി.
മാർച്ച് 27 ന് ചിലിക്കെതിരെ കളിക്ക് മുൻപ് ഹോട്ടൽ മുറിയിൽ വച്ച് നടന്ന ഒരു യോഗത്തിലേക്ക് തന്നെ വിളിച്ചിരുന്നതായി യുവതി വെളിപ്പെടുത്തി. എന്നാൽ അത് ഒരു സൗഹൃദക്കൂട്ടായ്മ മാത്രമാണെന്ന് മനസ്സിലാക്കിയതോടെ താൻ സ്വന്തം മുറിയിലേക്ക് പോയി. ഈ സമയം മെൻഡിസ് തന്നെ പിന്തുടരുകയും മുറിയുടെ വാതിൽ മുട്ടുകയും ചെയതു. വാതിൽ തുറന്നപ്പോൾ അകത്തേക്ക് അതിക്രമിച്ചു കയറിയ താരം, തന്റെ കഴുത്ത് ഞെരിക്കുകയും മർദ്ദിക്കുകയും കടിക്കുകയും ചെയ്ത ശേഷം ബലാൽസംഗം ചെയ്തുവെന്നാണ് യുവതി വ്യക്തമാക്കിയത്.
കേപ് വെർദെ ഫുട്‌ബോൾ അസോസിയേഷനിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ അന്ന് തന്നെ അറിയിച്ചിരുന്നെങ്കിലും അവരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും യുവതി ആരോപിക്കുന്നു.
ഇത്തരം കടുത്ത അച്ചടക്കലംഘനങ്ങളെയും അതിക്രമങ്ങളെയും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഫിഫ പ്രതികരിച്ചു. മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വായെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഗ്രൂപ്പ് എച്ചിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി കേപ് വെർദെ നോക്കൗട്ട് ടിക്കറ്റ് എടുത്തത്. ലോകകപ്പ് നോക്കൗട്ടിൽ എത്തുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോർഡും കേപ് വെർദെ ഇതോടെ സ്വന്തമാക്കിയിരുന്നു.
ദേശീയ ജേഴ്‌സിയിൽ 100 അന്താരാഷ്ട്ര മൽസരങ്ങൾ കളിച്ച് 22 ഗോളുകൾ നേടിയിട്ടുള്ള റയാൻ മെൻഡെസ് ഈ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ടീമിന്റെ ജീവനാഡിയായി കളത്തിലുണ്ടായിരുന്നു. ഫ്രാൻസിലും യു.എ.ഇയിലുമായി ഭൂരിഭാഗം കരിയറും ചെലവഴിച്ച മെൻഡെസ് നിലവിൽ തുർക്കിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ഇഗ്ദിറിന് വേണ്ടിയാണ് കളിക്കുന്നത്. വെള്ളിയാഴ്ച മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് കേപ് വെർദെയും അർജന്റീനയും തമ്മിലുള്ള റൗണ്ട് ഓഫ് 32 നോക്കൗട്ട് പോരാട്ടം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
