റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് നടത്തിയ അഴിമതി ആരോപണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികളുമായി ബാഴ്സലോണ. മാഡ്രിഡിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബാഴ്സലോണയുമായി ബന്ധപ്പെട്ട 'നെഗ്രെയ്‌റ കേസ്' ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്ന് പെരസ് വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെരസിനെതിരെ നിയമപരമായി നീങ്ങുമെന്ന് കാറ്റലൻ ക്ലബ്ബ് വ്യക്തമാക്കിയത്. വരാനിരിക്കുന്ന ക്ലബ്ബ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പെരസിന്റെ വിവാദ പരാമർശം.
കഴിഞ്ഞ മൂന്ന് വർഷമായി ഫുട്ബോൾ ലോകം കാണുന്ന ഏറ്റവും വലിയ കുംഭകോണമാണ് നെഗ്രെയ്‌റ കേസെന്ന് 79-കാരനായ പെരസ് ആരോപിച്ചു. "രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന പണമിടപാടുകളാണിത്. ആ കാലഘട്ടത്തിലെ റഫറിമാർ ഇപ്പോഴും ലാ ലിഗയിൽ നിയന്ത്രിക്കുന്നുണ്ട്. ഇതിനെതിരെ 500 പേജുള്ള വിശദമായ റിപ്പോർട്ട് യുവേഫയ്ക്ക് (UEFA) ഉടൻ സമർപ്പിക്കും."
പെരസിന്റെ വാക്കുകൾ തങ്ങളുടെ നിയമവിദഗ്ധർ പരിശോധിച്ച് വരികയാണെന്ന് ബാഴ്സലോണ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ക്ലബ്ബിന്റെ അന്തസ്സിനെ ബാധിക്കുന്ന ആരോപണങ്ങൾക്കെതിരെ അടുത്ത ഘട്ടം എന്ത് വേണമെന്ന് ഉടൻ തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.നെഗ്രെയ്‌റ കേസിൽ തങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കൺസൾട്ടൻസി സേവനത്തിനാണ് പണം നൽകിയതെന്നുമാണ് ബാഴ്സയുടെ വാദം.
1994 മുതൽ 2018 വരെയുള്ള കാലയളവിൽ (പ്രത്യേകിച്ച് 2001-2018) നെഗ്രെയ്‌റയുടെ കമ്പനികൾക്ക് ബാഴ്സലോണ 7.3 ദശലക്ഷം യൂറോ (ഏകദേശം 57 കോടി രൂപയിലധികം) നൽകിയെന്ന് ആരോപിക്കപ്പെടുന്നു. റഫറിമാരെ സ്വാധീനിച്ച് ബാഴ്സലോണയ്ക്ക് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാക്കിയെടുക്കാൻ വേണ്ടിയാണ് ഈ പണം നൽകിയതെന്നാണ് പ്രോസിക്യൂഷൻ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
