കാറ്റിനെ തോല്‍പ്പിച്ച കുതിപ്പ്; അഞ്ജുവിന്റെ റെക്കോര്‍ഡ് തിരുത്തി ആന്‍സി സോജന്‍ ചരിത്രത്തിലേക്ക്

JUNE 27, 2026, 1:12 PM

ഭുവനേശ്വര്‍: ഇന്ത്യന്‍ അത്ലറ്റിക്‌സിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതിയ സിംഹാസനമാണ് ഒടുവില്‍ ഒരു മലയാളി പെണ്‍കുട്ടി തന്റേതാക്കി മാറ്റിയിരിക്കുന്നത്. ഇതിഹാസ താരം അഞ്ജു ബോബി ജോര്‍ജ് 2004 ഏഥന്‍സ് ഒളിമ്പിക്‌സില്‍ സ്ഥാപിച്ച 6.83 മീറ്ററെന്ന ചരിത്ര റെക്കോര്‍ഡ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം തൃശ്ശൂര്‍ക്കാരി ആന്‍സി സോജന്‍ തിരുത്തിക്കുറിച്ചു. കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ അന്തര്‍ സംസ്ഥാന അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിനത്തിലാണ് 25 കാരിയായ ആന്‍സി 6.88 മീറ്റര്‍ ചാടി പുതിയ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഇന്ത്യന്‍ നാവികസേനയില്‍ ചീഫ് പെറ്റി ഓഫീസറായ ആന്‍സി സര്‍വീസസിന് വേണ്ടിയാണ് ട്രാക്കിലിറങ്ങിയത്. ചാമ്പ്യന്‍ഷിപ്പിലെ കനത്ത പോരാട്ടത്തിനൊടുവില്‍ മെഡലിനൊപ്പം വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് യോഗ്യതയും (6.48 മീറ്റര്‍) ആന്‍സി ആദ്യ ചാട്ടത്തില്‍ തന്നെ ഉറപ്പിച്ചിരുന്നു. മത്സരത്തിലുടനീളം കരിയറിലെ ഏറ്റവും മികച്ച സ്ഥിരതയാര്‍ന്ന പ്രകടനമാണ് ആന്‍സി പുറത്തെടുത്തത്. അഞ്ചാം ശ്രമത്തിന് ശേഷം സ്‌കോര്‍ ബോര്‍ഡിലേക്ക് നോക്കിയ ആന്‍സി വിശ്വസിക്കാനാകാതെ കൈകള്‍ തലയില്‍ വെച്ചപ്പോള്‍ കലിംഗ സ്റ്റേഡിയം എഴുന്നേറ്റ് നിന്ന് കൈയടിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം നേരിട്ട ഹോര്‍മോണ്‍ വ്യതിയാനങ്ങളും ശരീരഭാരം കുറയ്ക്കാനുള്ള കഠിനമായ വെല്ലുവിളികളും കോച്ച് അനൂപ് ജോസഫിന്റെ കീഴിലുള്ള കടുത്ത പരിശീലനത്തിലൂടെ മറികടന്നാണ് ആന്‍സിയുടെ ഈ സ്വപ്നതുല്യമായ നേട്ടം. മത്സരത്തില്‍ ഉത്തര്‍പ്രദേശിന്റെ ശൈലി സിങ് (6.67 മീറ്റര്‍) വെള്ളിയും, ലക്ഷദ്വീപിന്റെ മുബസ്സിന മുഹമ്മദ് (6.53 മീറ്റര്‍) വെങ്കലവും നേടി.

ആന്‍സി സോജന്റെ റെക്കോര്‍ഡിന് തൊട്ടുപിന്നാലെ പുരുഷന്മാരുടെ ഹൈജമ്പില്‍ മഹാരാഷ്ട്രയുടെ സര്‍വേശ് കുഷാരെ 2.31 മീറ്റര്‍ ചാടി തേജസ്വിന്‍ ശങ്കറിന്റെ റെക്കോര്‍ഡും (2.29 മീറ്റര്‍) മറികടന്നു. ഭുവനേശ്വറില്‍ ഇന്ത്യന്‍ അത്ലറ്റിക്‌സിന്റെ ചരിത്രദിനത്തിനാണ് കലിംഗ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam