ലക്‌നൗവിനെതിരായ മത്സരത്തിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ചെന്നൈ പേസർ അൻഷുൽ കാംബോജ്. ലക്‌നൗവിനെതിരായ തോൽവി ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു.
ഐ.പി.എൽ ചരിത്രത്തിലാദ്യമായി തുടർച്ചയായ ഓവറുകളിൽ നാലു സിക്‌സുകൾ വഴങ്ങുന്ന ആദ്യ ബൗളറെന്ന നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ചെന്നൈ പേസർ അൻഷുൽ കാംബോജ്. അൻഷുൽ കാംബോജിന്റെ രണ്ടാം ഓവറിൽ മിച്ചൽ മാർഷും മൂന്നാം ഓവറിൽ നിക്കോളാസ് പുരാനുമാണ് തുടർച്ചയായി നാലു സിക്‌സുകൾ പറത്തിയത്.
ഐ.പി.എൽ ചരിത്രത്തിൽ ഒരു ഇന്നിംഗ്‌സിൽ 8 സിക്‌സറുകൾ വഴങ്ങുന്ന രണ്ടാമത്തെ മാത്രം ബൗളറെന്ന നാണക്കേടും കാംബോജിന്റെ തലയിലായി. ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന യാഷ് ദയാലായിരുന്നു ഈ നാണക്കേട് തലയിലാക്കിയ ആദ്യ ബൗളർ. 2023 ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലായിരുന്നു ദയാലിന്റെ ഈ മോശം പ്രകടനം.
ലക്‌നൗവിനെതിരായ മത്സരത്തിൽ വെറും 2.4 ഓവർ മാത്രം ബൗൾ ചെയ്ത കംബോജ് വിക്കറ്റൊന്നും നേടാനാകാതെ 63 റൺസാണ് വിട്ടുകൊടുത്തത്. ആകെ 16 പന്തുകൾ എറിഞ്ഞ കംബോജിന്റെ 11 പന്തുകളും ഫോറോ സിക്‌സോ ആയി അതിർത്തി കടന്നു (68.75% ബൗണ്ടറി നിരക്ക്).
ഐ.പി.എൽ ചരിത്രത്തിൽ മൂന്നോ അതിൽ കുറവോ ഓവറുകൾ എറിഞ്ഞ് 60ലധികം റൺസ് വഴങ്ങുന്ന രണ്ടാമത്തെ മാത്രം ബൗളറാണ് കംബോജ്. 2025ൽ ആർ.സി.ബിക്കെതിരെ 3 ഓവറിൽ 65 റൺസ് വഴങ്ങിയ ഖലീൽ അഹമ്മദാണ് ഈ പട്ടികയിൽ ഒന്നാമത്.
ഐ.പി.എൽ ചരിത്രത്തിൽ കുറഞ്ഞത് രണ്ടോ അതിൽ കൂടുതൽ ഓവറുകൾ എറിഞ്ഞ ബൗളർമാരിൽ ഏറ്റവും മോശം ഇക്കോണമിയുള്ള ബൗളറെന്ന നാണക്കേടും കാംബോജിന്റെ തലയിലായി. 2.4 ഓവറിൽ 63 റൺസ് വഴങ്ങിയ കാംബോജിന്റെ ഇക്കോണമി 23.62 ആണ്. സൺറൈസേഴ്‌സ് താരമായിരുന്നപ്പോൾ ഡൽഹി ക്യാപിറ്റൽസിനെതിരെ രണ്ടോവറിൽ 45 റൺസ് വഴങ്ങിയ വാഷിംഗ്ടൺ സുന്ദറിന്റെ(ഇക്കോണമി 23.00) റെക്കോർഡാണ് കാംബോജിന്റെ തലയിലായത്.
ഇത്തവണ ഐ.പി.എൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളറാണ് അൻഷുൽ കാംബോജ്. 12 മത്സരങ്ങളിൽ 19 വിക്കറ്റെടുത്ത കാംബോജ് സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
