രഞ്ജി ട്രോഫിയിൽ ഉത്തർ പ്രദേശിനെതിരെ ഒന്നാം ഇന്നിംഗ്‌സിൽ കേരളം മികച്ച ലീഡിലേക്ക്. തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ രണ്ടാം ദിനം കളിനിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 340 റൺസെടുത്തിട്ടുണ്ട് കേരളം.
ഇപ്പോൾ 178 റൺസ് ലീഡായി ആതിഥേയർക്ക്. സച്ചിൻ ബേബിയാണ് (83) ടോപ് സ്‌കോറർ. സൽമാൻ നിസാർ (74) ക്രീസിലുണ്ട്. മുഹമ്മദ് അസറുദ്ദീൻ (11) കൂട്ടിനുണ്ട്. യുപിക്ക് വേണ്ടി ശിവം ശർമ, ശിവം മാവി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, യുപിയുടെ ഒന്നാം ഇന്നിംഗ്‌സ് 162ന് അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനാണ് യുപിയെ തകർത്തത്.
രണ്ടിന് 82 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം തുടങ്ങുന്നത്. ഇന്ന് ബാബ അപരാജിതിന്റെ (32) വിക്കറ്റാണ് ആതിഥേയർക്ക് ആദ്യം നഷ്ടമാകുന്നത്. പിന്നാലെ ക്രീസിലെത്തിയ ആദ്യത്യ സർവാതെയ്ക്കും (14), അക്ഷയ് ചന്ദ്രനും (24) തിളങ്ങാനായില്ല. സർവാതെയും ശിവം ശർമയും അക്ഷയ്‌യെ സൗരഭ് കുമാറും പുറത്താക്കി. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന സച്ചിൻ -സൽമാൻ സഖ്യം 99 റൺസ് കൂട്ടിചേർത്തു. സച്ചിനെ പുറത്താക്കി മാവിയാണ് കൂട്ടുകെട്ട് പൊളിച്ചത്. സച്ചിന്റെ ഇന്നിംഗ്‌സിൽ എട്ട് ബൗണ്ടറികളുണ്ടായിരുന്നു.
തുടർന്ന് ക്രീസിലെത്തിയ ജലജ് സക്‌സേനയും (35) നിർണായക സംഭാവന നൽകി. സൽമാനൊപ്പം 59 റൺസ് ചേർക്കാൻ സക്‌സേനയ്ക്ക് സാധിച്ചിരുന്നു. എന്നാൽ പിയൂഷ് ചൗളയുടെ പന്തിൽ സക്‌സേന വിക്കറ്റിന് മുന്നിൽ കുടുങ്ങി. സൽമാൻ രണ്ട് സിക്‌സും എട്ട് ഫോറും നേടിയിട്ടുണ്ട്. രോഹൻ കുന്നുമ്മൽ (28), വത്സൽ ഗോവിന്ദ് (22) എന്നിവരുടെ വിക്കറ്റുകൾ കേരളത്തിന് ഇന്നലെ നഷ്ടമായിരുന്നു. ഭേദപ്പെട്ട തുടക്കമാണ് ഇരുവരും കേരളത്തിന് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 48 റൺസ് കൂട്ടിച്ചേർത്തു. രോഹനെ പുറത്താക്കി അക്വിബ് ഖാനാണ് കേരളത്തിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്. സ്‌കോർ 69ൽ നിൽക്കെ വത്സൽ ഗോവിന്ദിനെ ശിവം മാവി വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഉത്തർപ്രദേശ് 162 റൺസിന് ഓൾ ഔട്ടായിരുന്നു. 30 റൺസെടുത്ത ശിവം ശർമയായിരുന്നു ഉത്തർപ്രദേശിന്റെ ടോപ് സ്‌കോറർ. നിതീഷ് റാണ 25 റൺസെടുത്തു. കേരളത്തിനായി ജലജ് സക്‌സേന അഞ്ച് വിക്കറ്റുമായി തിളങ്ങി. ക്യാപ്ടൻ ആര്യൻ ജുയാൽ(23), മാധവ് കൗശിക്(13), പ്രിയം ഗാർഗ്(1), സമീർ റിസ്വി(1), സിദ്ധാർത്ഥ് യാദവ്(19) എന്നിവരടങ്ങിയ മുൻനിര നിരാശപ്പെടുത്തിയപ്പോൾ പത്താമനായി ഇറങ്ങി 30 റൺസടിച്ച ശിവം ശർമയാണ് ഉത്തർപ്രദേശിനെ 150 കടത്തിയത്.
ഒമ്പതിന് 129 എന്ന സ്‌കോറിൽ തകർന്ന ഉത്തർപ്രദേശിനെ അവസാന വിക്കറ്റിൽ 32 റൺസടിച്ച ശിവം ശർമ-അക്വിബ് ഖാൻ (3) സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. കേരളത്തിനായി അഞ്ച് വിക്കറ്റെടുത്ത ജലജ് സക്‌സേനക്ക് പുറമെ ബേസിൽ തമ്പി രണ്ട് വിക്കറ്റെടുത്തു. ബംഗാളിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. എം.ഡി നിധീഷിന് പകരം പേസർ കെ.എം. ആസിഫ് കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്