സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറുകയാണ്. ഇതിനോടകം തന്നെ ആഗോള ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രത്തിൽ സൂര്യയുടെ പ്രകടനത്തിനൊപ്പം തന്നെ പ്രേക്ഷകരുടെ കയ്യടി നേടിയ ഒന്നാണ് ഇന്ദ്രൻസ് അവതരിപ്പിച്ച 'മട്ടാഞ്ചേരി സുകുമാരൻ' എന്ന കഥാപാത്രം.
സിനിമയിലെ ‘എനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ല’ എന്ന ഇന്ദ്രൻസിന്റെ ഡയലോഗ് സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ തരംഗമായിരുന്നു. സൂര്യ ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ ചിത്രത്തിലെ ഇന്ദ്രൻസിന്റെ അഭിനയത്തെ പ്രശംസിച്ചിരുന്നു.
ഇപ്പോഴിതാ, സിനിമയിലെ ഡയലോഗ് പോലെ തന്നെ യഥാർത്ഥ ജീവിതത്തിലും തനിക്ക് ഗൂഗിൾ പേ ഉപയോഗിക്കാൻ അറിയില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ദ്രൻസ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ഡിജിറ്റൽ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
താൻ ഒരു സ്മാർട്ട് ഫോൺ വാങ്ങാൻ ഉണ്ടായ രസകരമായ കാരണവും ഇന്ദ്രൻസ് പങ്കുവെച്ചു. മുൻപൊക്കെ മകന്റെ ഫോൺ നമ്പറായിരുന്നു ഇന്ദ്രൻസ് എല്ലാവർക്കും നൽകിയിരുന്നത്. എന്നാൽ ഒരു ദിവസം നടൻ മമ്മൂട്ടി വിളിച്ചപ്പോൾ മകനാണ് ഫോൺ എടുത്തത്. ഇന്ദ്രൻസിനോട് സംസാരിച്ച മമ്മൂട്ടി, 'എനിക്ക് നിന്നോട് എന്തെങ്കിലും രഹസ്യം പറയണമെങ്കിൽ അവനോട് പറയാൻ പറ്റുമോ? നീ എന്താ ഫോൺ എടുക്കാത്തത്?' എന്ന് ചോദിച്ചതോടെയാണ് താൻ ഒരു സ്മാർട്ട് ഫോൺ വാങ്ങാൻ തയ്യാറായതെന്ന് ഇന്ദ്രൻസ് പറയുന്നു. എങ്കിൽ പോലും ഇപ്പോഴും ഫോൺ കൃത്യമായി ഉപയോഗിക്കാനോ ഡിജിറ്റൽ ഇടപാടുകൾ നടത്താനോ തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘കറുപ്പ്’ എന്ന ചിത്രത്തിനുണ്ട്. സായ് അഭ്യാങ്കർ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ ഇന്ദ്രൻസിന് പുറമെ നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
