കവരത്തി: ലക്ഷദ്വീപിലെ ജനവാസമില്ലാത്ത വിദൂര ദ്വീപായ സുഹേലിക്ക് സമീപം കടലില്‍ ഔദ്യോഗിക സുരക്ഷാ പട്രോളിംഗിനിടെ കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് 12 ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിച്ചില്ല. കഴിഞ്ഞ ഓഗസ്റ്റ് 11-നാണ് അപകടം സംഭവിക്കുന്നത്. കവരത്തി പൊലീസ് സ്റ്റേഷന്റെ പരിധിയില്‍പ്പെടുന്ന സുഹേലി ദ്വീപിന്റെ ലഗൂണ്‍ പ്രദേശത്ത് കള്ളക്കടത്ത് തടയുന്നതിനും അതിര്‍ത്തി സുരക്ഷയ്ക്കുമായി നിയോഗിക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ ബോട്ട് ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് മറിയുകയായിരുന്നു.
അപകടത്തില്‍പെട്ട അമിനി ദ്വീപ് സ്വദേശി കെ.കെ ഉമ്മര്‍ നീന്തി കരയ്ക്കുകയറി രക്ഷപ്പെട്ടെങ്കിലും ആന്‍ഡ്രോത്ത് സ്വദേശി കെ.സി ഹിദായത്തുള്ള, കവരത്തി സ്വദേശി കെ.എം നബീല്‍ എന്നിവര്‍ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. പൊലീസും പ്രാദേശിക മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചില്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചതോടെ ദ്വീപില്‍ പ്രതിഷേധം ശക്തമാകുകയാണ്. തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളും കടലില്‍ നിന്ന് കണ്ടെത്തിയിരുന്നെങ്കിലും ആളുകളെ കണ്ടെത്താന്‍ സാധിച്ചില്ല. നിലവില്‍ കടലില്‍ യാതൊരുവിധ തെരച്ചിലും നടക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് തെരച്ചില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നബീലിന്റെയും ഹിദായത്തുള്ളയുടെയും കുടുംബങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം അയച്ചു. ഇന്ത്യന്‍ നാവികസേനയെയും കോസ്റ്റ് ഗാര്‍ഡിനെയും ഉടനടി രംഗത്തിറക്കണമെന്നാണ് കുടുംബത്തിന്റെയും ദ്വീപ് നിവാസികളുടെയും പ്രധാന ആവശ്യം. തീരദേശ സുരക്ഷ ശക്തമാക്കുന്നതില്‍ വലിയ പോരായ്മകളാണ് ഈ സംഭവം പുറത്തുകൊണ്ടുവരുന്നത്. റഡാര്‍, വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവയൊന്നുമില്ലാതെ, രജിസ്റ്റര്‍ ചെയ്യാത്ത ചെറിയ ഫൈബര്‍ ബോട്ടുകളില്‍ അഞ്ചു മണിക്കൂറിലധികം അപകടകരമായി യാത്ര ചെയ്താണ് ഉദ്യോഗസ്ഥര്‍ ഇവിടങ്ങളില്‍ പട്രോളിംഗിന് എത്തുന്നത്.
സുഹേലിയില്‍ കോസ്റ്റ് ഗാര്‍ഡ് സ്ഥാപിച്ച സര്‍ഫേസ് മൂവ്‌മെന്റ് റഡാര്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ കിടക്കുന്നതും സുരക്ഷാവീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍, സൈഡ്-സ്‌കാന്‍ സോണാര്‍ സംവിധാനങ്ങള്‍, വിദഗ്ദ്ധ ഡൈവിംഗ് ടീമുകള്‍ എന്നിവയെ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അടിയന്തരമായി വിപുലമായ തെരച്ചില്‍ പുനരാരംഭിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
