ന്യൂയോർക്ക്: ആഗോള സംഗീത ലോകത്തെ ജനപ്രിയ താരം ടെയ്‌ലർ സ്വിഫ്റ്റിന്റെയും അമേരിക്കൻ ഫുട്ബോൾ താരം ട്രാവിസ് കെൽസിയുടെയും വിവാഹം ഈ വർഷത്തെ ഏറ്റവും വലിയ സെലിബ്രിറ്റി ആഘോഷമാകാൻ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ. ന്യൂയോർക്കിലെ പ്രശസ്തമായ മാഡിസൺ സ്ക്വയർ ഗാർഡനിൽ വെച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷങ്ങളാണ് ദമ്പതികൾ ലക്ഷ്യമിടുന്നത്. ജൂലൈ നാലിലെ അവധിദിനങ്ങൾ പ്രമാണിച്ചായിരിക്കും ആഘോഷങ്ങൾ നടക്കുകയെന്ന് ഇവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ വിവാഹ വാർത്തയെക്കുറിച്ച് ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
റിപ്പോർട്ടുകൾ പ്രകാരം ജൂലൈ രണ്ടിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന നൂറോളം പേർക്കായി സ്വകാര്യ ചടങ്ങ് നടക്കും. തുടർന്ന് ജൂലൈ മൂന്നിന് ആയിരത്തോളം അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വമ്പൻ ആഘോഷവും സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. ഇതിനായി ടെയ്‌ലർ സ്വിഫ്റ്റ് മാഡിസൺ സ്ക്വയർ ഗാർഡൻ പൂർണ്ണമായും വാടകയ്‌ക്കെടുത്തതായാണ് വിവരം.
ആഘോഷങ്ങളുടെ ഭാഗമായി ന്യൂയോർക്ക് നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ജൂലൈ രണ്ട് മുതൽ നാല് വരെ മാഡിസൺ സ്ക്വയറിന് ചുറ്റുമുള്ള റോഡുകൾ അടച്ചിടുന്നതിനായി അനുമതി തേടിയിട്ടുണ്ട്. കൂടാതെ അതിഥികൾക്കായി ടൈംസ് സ്ക്വയറിലെ പ്രമുഖ ആഡംബര ഹോട്ടലുകളിൽ മുറികൾ ബുക്ക് ചെയ്തതായും സൂചനയുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്.
മാധ്യമങ്ങളുടെയും മറ്റ് ക്യാമറക്കണ്ണുകളുടെയും ശ്രദ്ധയിൽപ്പെടാതെ അതീവ രഹസ്യമായി സുരക്ഷ ഉറപ്പാക്കാൻ സാധിക്കും എന്നതിനാലാണ് ഇവർ മാഡിസൺ സ്ക്വയർ ഗാർഡൻ വിവാഹവേദിയായി തിരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരാണ് ഈ താരവിവാഹത്തിനായി കാത്തിരിക്കുന്നത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
