മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് ദൃശ്യം. പിന്നീട് പുറത്തിറങ്ങിയ ഭാഗങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. 2013 ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. ദൃശ്യം ആദ്യ ഭാഗം ചെയ്യാൻ തനിക്ക് പ്രചോദനമായ ഒരു സംഭവത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ ജീത്തു ജോസഫ്. കൂടാതെ തനിക്ക് പറ്റിയ ഒരു തെറ്റിനെക്കുറിച്ചും ജിത്തു ജോസഫ് മനസ്സ് തുറന്നു.
'സിനിമയുടെ വിഷയത്തെക്കുറിച്ചുള്ള ഈ ആശയം കിട്ടിയത് തന്നെ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിൽ നിന്നാണ്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും തമ്മിലുണ്ടായ ഒരു പ്രശ്നം.
അത് പിന്നെ ഒരു പൊലീസ് കേസ് ആവുന്നു. അത് ചർച്ചയായ സമയത്ത് ഒരു വ്യക്തി എന്നോട് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്. രണ്ട് കുടുംബങ്ങളുടെ ഭാഗത്തും ശരിയുമുണ്ട് തെറ്റുമുണ്ട് എന്ന്. ആരുടെ കൂടെ നിൽക്കും എന്നതാണ് കൺഫ്യൂഷൻ. ആ പുള്ളിക്ക് രണ്ട് കുടുംബങ്ങളെയും അറിയാമായിരുന്നു.
അന്ന് ഞാൻ സിനിമയിൽ വന്നിട്ടില്ല. 2000 ലെ കാര്യമാണ് പറയുന്നത്. തിയറ്ററിൽ ഇങ്ങനെയൊരു അവസ്ഥ വന്നാൽ പ്രേക്ഷകർ ആരുടെ കൂടെ നിൽക്കുമെന്ന സംശയം ഉണ്ടായിരുന്നു. അവരുടെ മനസ് അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് ചാടില്ലേ. അങ്ങനെയുള്ള ആലോചനയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ദൃശ്യം.
സിനിമ കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് തെറ്റിപ്പോയെന്ന് മനസിലായി. കാരണം ആ ബാലൻസിംഗ് വന്നില്ല. എല്ലാവരും ജോർജുകുട്ടിയുടെയും കുടുംബത്തിൻറെയും കൂടെയാണ്. ശരിക്കും ആലോചിച്ചാൽ ഗീത പ്രഭാകറിനെ കുറ്റം പറയാൻ പറ്റുമോ? സ്വന്തം മകൻ മിസ്സിംഗ് ആയി. അതിൻറെ സത്യം കണ്ടെത്താനായി ഇറങ്ങിത്തിരിച്ചു. ഇപ്പുറത്ത് നിന്ന് നോക്കുമ്പോൾ ജോർജുകുട്ടി കാര്യങ്ങളെ മാനിപ്പുലേറ്റ് ചെയ്ത് കൊണ്ടുപോവുകയാണ്, അവർക്ക് സഹിക്കുമോ? മകൻ അമ്മയോട് കുറ്റം ഏറ്റുപറഞ്ഞിട്ടില്ല. അതുകൊണ്ട് അത് വിശ്വസിക്കാൻ ഇപ്പോഴും അവർ തയ്യാറല്ല. സത്യം അതാണെന്ന് അമ്മയ്ക്ക് അറിയില്ല. ദൃശ്യം എന്ന സിനിമ ഉണ്ടാവാനുള്ള ആദ്യ ചിന്ത അതായിരുന്നു', എന്നാണ് ജിത്തു പറഞ്ഞുവെച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
