ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ വിയോഗത്തിന് ശേഷം കടുത്ത സോഷ്യൽ മീഡിയ വിചാരണയും വ്യക്തിപരമായ പ്രതിസന്ധികളും നേരിടേണ്ടി വന്ന നടിയാണ് റിയ ചക്രവർത്തി. എന്നാൽ ഇത്രയധികം പ്രതിസന്ധികൾ നേരിട്ടിട്ടും ജീവിതത്തോടുള്ള പ്രതീക്ഷയും പ്രണയത്തിലുള്ള വിശ്വാസവും താൻ കൈവിട്ടിട്ടില്ലെന്ന് തുറന്നു പറയുകയാണ് താരം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അനുഭവിച്ച മാനസിക ആഘാതങ്ങൾ തന്റെ ജീവിതത്തെ വിഴുങ്ങാതിരിക്കാൻ താൻ എങ്ങനെയാണ് പോരാടിയതെന്ന് റിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുശാന്ത് സിംഗ് രാജ്പുത് കേസ് തന്റെ വ്യക്തിത്വത്തെ എങ്ങനെയൊക്കെ മാറ്റിമറിച്ചു എന്ന് റിയ വ്യക്തമാക്കിയത്. "ഞാൻ ഇപ്പോൾ ഒരുപാട് മാറി, കൂടുതൽ വിവേകമുള്ളവളായി. 33 വയസ്സുള്ള ഒരു ശരീരത്തിനുള്ളിൽ 80 വയസ്സുള്ള ഒരു വൃദ്ധയാണ് ജീവിക്കുന്നതെന്ന് എന്റെ സുഹൃത്തുക്കൾ തമാശയായി പറയാറുണ്ട്. കാരണം ഞാൻ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ കണ്ടുകഴിഞ്ഞു. ജീവിതാനുഭവങ്ങൾ നമ്മളെ മാറ്റും. പക്ഷേ, എന്റെ ഉള്ളിലെ യഥാർത്ഥ വ്യക്തിത്വം മാറിയിട്ടില്ലെന്ന് ഞാൻ കരുതുന്നു. കാരണം ഈ സാഹചര്യങ്ങൾ എന്നെ ഒരു കയ്പ്പേറിയ സ്വഭാവക്കാരിയാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. എനിക്ക് ദേഷ്യവും വിഷമവും ഒക്കെ തോന്നിയിട്ടുണ്ട്, പക്ഷേ സാഹചര്യങ്ങൾ എന്റെ വ്യക്തിത്വത്തെ നിശ്ചയിക്കാൻ അനുവദിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു," റിയ പറഞ്ഞു.
കഴിഞ്ഞ നാല് വർഷമായി താൻ തെറാപ്പിക്ക് വിധേയയാകുന്നുണ്ടെന്ന് റിയ വെളിപ്പെടുത്തി. മാനസികാഘാതങ്ങൾ തന്നെ പൂർണ്ണമായി കീഴ്പ്പെടുത്താതിരിക്കാൻ ഇത് സഹായിച്ചു. ഇപ്പോഴും കരുണയുള്ളവളായിരിക്കാനും പ്രണയത്തിൽ വിശ്വസിക്കാനും ഒരു സാധാരണ പെൺകുട്ടിയെപ്പോലെ ജീവിക്കാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും റിയ കൂട്ടിച്ചേർത്തു. ഇപ്പോഴും പഴയതുപോലെ സ്നേഹിക്കാൻ കഴിയുന്നുണ്ടോ എന്ന ചോദ്യത്തിന് 'അതെ' എന്ന് മറുപടി നൽകിയ താരം, 2020 ലെ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന സുഹൃത്തുക്കളെയാണ് താൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നതെന്നും, ഇനിയും കൂടുതൽ സ്വതന്ത്രമായി സ്നേഹിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.
2020 ജൂണിൽ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണശേഷമാണ് റിയ ചക്രവർത്തിയുടെ ജീവിതം മാറിമറിഞ്ഞത്. സുശാന്തുമായി പ്രണയത്തിലായിരുന്ന റിയയെ, ലഹരിമരുന്ന് ഇടപാടുകാരുമായുള്ള വാട്സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിൽ 2020 സെപ്റ്റംബറിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും യാത്രകൾക്ക് ഉൾപ്പെടെ ദീർഘകാലം കർശന നിയന്ത്രണങ്ങളാണ് താരം നേരിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
