കൊച്ചി: നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെയും മകൾ ദയയ്ക്ക് നേരെയുണ്ടായ സൈബർ വിമർശനങ്ങളിൽ പ്രതികരിച്ച് മഞ്ജു പിള്ളയും ദയയും. വ്ലോഗർ ഷെഫീന ബീവി ദയയുടെ വസ്ത്രധാരണത്തെ വിമർശിച്ച് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വിവാദമായതിനു പിന്നാലെയാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്.
ഈ വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയ മഞ്ജു പിള്ള, ഓരോരുത്തരും ആത്മവിശ്വാസത്തോടെ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും പിന്തുടരണമെന്നും പറഞ്ഞു.
"കുട്ടികളായാലും മുതിർന്നവരായാലും ആത്മവിശ്വാസവും ധൈര്യവും ഉണ്ടെങ്കിൽ സ്വന്തം പാഷൻ പിന്തുടരണം. ജീവിതം ആസ്വദിക്കണം. ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെയും ആരെയും ഉപദ്രവിക്കാതെയും ജീവിക്കണം. നിങ്ങളുടെ മക്കളെ പിന്തുണയ്ക്കുക," എന്നാണ് മഞ്ജു പിള്ള വീഡിയോയിൽ പറഞ്ഞത്.
മകളെതിരായ പരാമർശങ്ങൾ ഒരു അമ്മയെന്ന നിലയിൽ വേദനിപ്പിച്ചെന്നും അവർ വ്യക്തമാക്കി.
"ഇതൊന്നും എന്നെ വ്യക്തിപരമായി ബാധിക്കില്ല. പക്ഷേ എന്റെ കുഞ്ഞിനെക്കുറിച്ച് പറയുമ്പോൾ ഒരു അമ്മയ്ക്ക് ഉണ്ടാകുന്ന വേദന എനിക്കുമുണ്ട്. പേടിയല്ല, വേദനയാണ്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴല്ലാതെ മറ്റെവിടെയും ഞാൻ പ്രതികരിച്ചിട്ടില്ല. പഴയ വീഡിയോകൾ മുറിച്ചുമാറ്റി പ്രചരിപ്പിക്കുകയാണ്," മഞ്ജു പിള്ള പറഞ്ഞു.
അതേസമയം, നിരവധി പേർ പിന്തുണയുമായി സന്ദേശങ്ങൾ അയച്ചതായി ദയയും പറഞ്ഞു. അതിൽ ഒരു അമ്മ അയച്ച സന്ദേശമാണ് തന്നെ ഏറെ സ്പർശിച്ചതെന്ന് ദയ വ്യക്തമാക്കി.
"രണ്ട് ടീനേജ് പെൺമക്കളുടെ അമ്മയാണ് അവർ. 'ആ ഫോട്ടോഷൂട്ടിൽ ധരിച്ച വസ്ത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല. എന്റെ മക്കൾ ധരിച്ചാലും ഇഷ്ടമാകില്ല. പക്ഷേ ഒരു അമ്മ എന്ന നിലയിൽ ഞാൻ മോൾക്ക് അനുഗ്രഹം നൽകുന്നു' എന്നായിരുന്നു അവരുടെ സന്ദേശം. എത്ര ബഹുമാനത്തോടെയാണ് അവർ അഭിപ്രായം പറഞ്ഞത്. ഞാൻ ചെയ്യുന്ന കാര്യങ്ങൾ മറ്റാർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല. പിന്നെ എന്തിനാണ് അതിൽ നിന്ന് പിൻമാറേണ്ടത്?" ദയ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
