ചേര്‍ത്തല: ജീവന് തന്നെ ഭീഷണിയായ കൂറ്റന്‍ മുഴ നീക്കം ചെയ്ത് എട്ടുവയസ്സുകാരി ലാബ്രഡോര്‍ നായയ്ക്ക് പുനര്‍ജന്മമേകി ചേര്‍ത്തല ഗവ. വെറ്ററിനറി ക്ലിനിക്കിലെ ഡോക്ടര്‍മാര്‍. നാലുമണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വയറിനുള്ളില്‍ വളര്‍ന്ന അഞ്ചുകിലോ ഭാരമുള്ള മാമറി ട്യൂമറാണ് വിജയകരമായി പുറത്തെടുത്തത്. ചേര്‍ത്തല മായിത്തറ മുണ്ടുപറമ്പില്‍ കൃഷ്ണദാസിന്റെ വളര്ത്തുനായയ്ക്കാണ് വെറ്ററിനറി ആശുപത്രി സംഘം തുണയായത്.
ഏതാനും മാസങ്ങളായി അവശതയിലായിരുന്ന നായയ്ക്ക് ഒടുവില്‍ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ വന്നതോടെയാണ് ഉടമസ്ഥര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഡോ. സംഗീത് നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ സ്കാനിങ്ങിലാണ് വയറ്റിനുള്ളിലെ കൂറ്റന്‍ മുഴ കണ്ടെത്തിയത്. എട്ടുമുതല്‍ പത്തുവര്‍ഷം വരെ മാത്രം ആയുസ്സുള്ള ഇത്തരം ഇനങ്ങളില്‍ എട്ടുവയസ്സെന്നത് മനുഷ്യരുടെ 80 വയസ്സിന് തുല്യമാണ്. ഈ പ്രായത്തില്‍ ഇത്രയും വലിയൊരു ശസ്ത്രക്രിയ ഏറെ അപകട സാധ്യത നിറഞ്ഞതായിരുന്നു എങ്കിലും, കുടുംബത്തിന് നായയോടുള്ള സ്നേഹവും വൈകാരിക ബന്ധവും കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
ചേര്‍ത്തല വെറ്ററിനറി ക്ലിനിക്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ദൈര്‍ഘ്യമേറിയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നത്. ഡോ. സംഗീത് നാരായണനൊപ്പം ഡോ. അശ്വനി ബാബുരാജ്, ഡോ. ശാലിനി വില്‍ക്കിന്‍സണ്‍, ഡോ. എസ്. ജയശ്രീ എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് അനസ്തീസ്യ നല്കി തികഞ്ഞ ജാഗ്രതയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. പൂര്‍ണ്ണ ആരോഗ്യവതിയായ നായ ഇപ്പോള്‍ സാധാരണ പോലെ ഓടി നടക്കുകയും കൃത്യമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
