തിരുവനന്തപുരം: വലിയ വിവാദമായി മാറിയ പി.എസ്.സി ആസൂത്രണ ബോര്‍ഡ് പരീക്ഷത്തട്ടിപ്പ് കേസില്‍ ചെയര്‍മാന്‍ എം.ആര്‍ ബൈജുവിനെയും പരീക്ഷാ കണ്‍ട്രോളര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇതിന് മുന്നോടിയായി പി.എസ്.സി ചെയര്‍മാനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. എന്നാല്‍ മറ്റ് പി.എസ്.സി അംഗങ്ങളെ പ്രതിയാക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
ഖാദി ബോര്‍ഡ് വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നി പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പില്‍ ചെയര്‍മാനും അംഗങ്ങളും നല്‍കിയ മൊഴികളിലെ ഗുരുതരമായ വൈരുധ്യങ്ങളാണ് നടപടികള്‍ വേഗത്തിലാക്കിയത്. പരീക്ഷാ നടത്തിപ്പില്‍ തെറ്റുപറ്റിയിട്ടില്ലെന്നും സാങ്കേതികപ്പിഴവുകള്‍ മാത്രമാണ് സംഭവിച്ചതെന്നുമാണ് ചെയര്‍മാന്റെ നിലപാട്.
ചോദ്യപ്പേപ്പര്‍ നിര്‍മാതാക്കളെ തിരഞ്ഞെടുക്കാനും അഭിമുഖ ബോര്‍ഡിലെ അംഗങ്ങളെ തീരുമാനിക്കാനും തനിക്ക് അധികാരമുണ്ടെന്നും അഭിമുഖത്തിന്റെ മാര്‍ക്ക് 40 ല്‍ നിന്ന് 25 ആക്കി ചുരുക്കിയത് സ്വന്തം അധികാരപരിധിയിലുള്ള കാര്യമാണെന്നും ചെയര്‍മാന്‍ മൊഴി നല്‍കി. അതേസമയം പരീക്ഷാ നടത്തിപ്പ് ചുമതലകളില്‍ നിന്ന് പി.എസ്.സി സെക്രട്ടറിയെ ചെയര്‍മാന്‍ മനപൂര്‍വം മാറ്റി നിര്‍ത്തിയതായി ചില അംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ വൈരുധ്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി ശനിയാഴ്ച പി.എസ്.സി സെക്രട്ടറിയെ വിശദമായി ചോദ്യം ചെയ്യും. കേസില്‍ പ്രതിയായ അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരി ഇപ്പോഴും ഒളിവിലാണ്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വീട് പൂട്ടി മുങ്ങിയ ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
