ഇന്ത്യാ സഖ്യത്തിന്റെ പൗരവിചാരണ ഇന്ന്; തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് നടപടികള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതി വേദിയാകും

OCTOBER 29, 2026, 7:58 PM

ന്യൂഡല്‍ഹി: എസ്.ഐ.ആറിലൂടെ രാജ്യത്തെ ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം അപഹരിച്ചുവെന്ന ഗുരുതരമായ ആരോപണമുന്നയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ ഇന്ത്യാ സഖ്യം സംഘടിപ്പിക്കുന്ന പരസ്യവിചാരണ വെള്ളിയാഴ്ച നടക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയായ 10 രാജാജി മാര്‍ഗില്‍ വൈകീട്ട് 3.30-നാണ് പബ്ലിക് ഇംപീച്ച്മെന്റ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടി ആരംഭിക്കുന്നത്.

നവംബര്‍ ഒന്നിന് തലസ്ഥാനത്തെ രാംലീല മൈതാനിയില്‍ പ്രഖ്യാപിച്ചിട്ടുള്ള ഡല്‍ഹി ചലോ മഹാറാലിയുടെ മുന്നോടിയായാണ് ഈ പ്രതീകാത്മക സഭയും കുറ്റവിചാരണ നടപടികളും സംഘടിപ്പിക്കുന്നത്. മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വിവിധ തുറകളിലെ പൗര പ്രമുഖരും അടക്കം ഇരുനൂറോളം പ്രമുഖര്‍ പങ്കെടുക്കും. സ്പീക്കറുടെ അധ്യക്ഷ പ്രസംഗത്തിന് പിന്നാലെ ഗ്യാനേഷ് കുമാറിനെതിരെയുള്ള വിശദമായ കുറ്റപത്രം സമര്‍പ്പിക്കും. വോട്ടര്‍മാരുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ കവരല്‍, ഗുരുതരമായ ഭരണഘടനാ ലംഘനം, സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വസ്തുതാവിരുദ്ധത എന്നിവ വിശദീകരിക്കുന്ന ജനകീയ കുറ്റപത്രമാണ് അവതരിപ്പിക്കുക.

തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഇംപീച്ച്മെന്റ് പ്രമേയം മല്ലികാര്‍ജുന്‍ ഖാര്‍ഗെ അവതരിപ്പിക്കുന്നതോടെ മോക്ക് പാര്‍ലമെന്റ് മാതൃകയിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമാകും. വൈകീട്ട് ആറുമണിയോടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സമാപനപ്രസംഗം നടത്തുകയും സഭയുടെ ജനകീയ വിധി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും. വ്യാഴാഴ്ച രാവിലെ ചേര്‍ന്ന ഉന്നതതല ആലോചനായോഗത്തില്‍ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, ജയറാം രമേഷ്, ഡെറിക് ഒബ്രയാന്‍, ജോണ്‍ ബ്രിട്ടാസ്, പി.പി. സുനീര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. കര്‍ശന ഉപാധികളോടെയാണ് നവംബര്‍ ഒന്നിലെ രാംലീല മൈതാനത്തെ റാലിക്ക് പോലീസ് അനുമതി നല്‍കിയിട്ടുള്ളത്.

അതേസമയം, വെള്ളിയാഴ്ച തന്നെ ഡല്‍ഹിയിലെ എം.ഡി.എം.സി കണ്‍വെന്‍ഷന്‍ സെന്ററില്‍ സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി എന്ന സംഘടനയുടെ നേതൃത്വത്തില്‍ മറ്റൊരു മോക്ക് പാര്‍ലമെന്റ് സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിനെയും ഭരണകക്ഷിയായ ബി.ജെ.പിയെയും പിന്തുണയ്ക്കുന്ന കൂട്ടായ്മകളാണ് ഈ പരിപാടിക്ക് പിന്നിലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam