ഇന്ത്യൻ സിനിമകൾ ഇപ്പോഴും പുരുഷ പ്രേക്ഷകരെ മാത്രം ലക്ഷ്യം വച്ച് നിർമ്മിക്കപ്പെടുന്നതിനെ ചോദ്യം ചെയ്ത് നടി ആലിയ ഭട്ട്. 79-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കവെ 'ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആലിയ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഹോളിവുഡിൽ 'ബാർബി' പോലുള്ള സ്ത്രീ കേന്ദ്രീകൃത സിനിമകൾ വൻ വിജയം നേടുമ്പോൾ ഇന്ത്യയിൽ ഇപ്പോഴും 'മാസ്' സിനിമകൾ പുരുഷന്മാർക്ക് വേണ്ടിയുള്ളതാണെന്ന ചിന്താഗതിയാണ് നിലനിൽക്കുന്നതെന്ന് താരം പറഞ്ഞു. ഇന്ത്യയിലെ ബോക്സ് ഓഫീസ് ചർച്ചകളിൽ 75 ശതമാനവും പുരുഷ പ്രേക്ഷകരാണെന്ന വാദം ഉയരാറുണ്ട്.
എന്നാൽ സിനിമകൾ പുരുഷന്മാർക്ക് വേണ്ടി മാത്രം നിർമ്മിക്കുമ്പോൾ സ്ത്രീ പ്രേക്ഷകർ എവിടെ പോകുമെന്ന് ആലിയ ചോദിച്ചു. സിനിമകൾ ലിംഗഭേദമില്ലാത്ത രീതിയിൽ കഥയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.
സിനിമയിലെ ഗൗരവകരമായ ചർച്ചകൾക്ക് പുറമെ കാനിലെ റെഡ് കാർപെറ്റിലും ആലിയ ശ്രദ്ധാകേന്ദ്രമായി.തമാര റാൾഫ് രൂപകൽപ്പന ചെയ്ത കോർസെറ്റ് ഗൗണിലാണ് താരം റെഡ് കാർപെറ്റിൽ എത്തിയത്. ചോപ്പാർഡിന്റെ ആഭരണങ്ങളും അമ്രപാലി ജ്വൽസിന്റെ ഗോൾക്കൊണ്ട റോസ് മോതിരവും താരത്തിന് കൂടുതൽ തിളക്കം നൽകി.ഫ്രഞ്ച് റിവിയേരയുടെ ചിത്രം കൈകൊണ്ട് വരച്ച മനോഹരമായ ഗൗണിലും താരം ക്യാമറകൾക്ക് മുന്നിലെത്തി. റിയ കപൂറാണ് താരത്തിന്റെ സ്റ്റൈലിസ്റ്റ്.
അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്തും സജീവമാവുകയാണ് ആലിയ. തന്റെ നിർമ്മാണ കമ്പനിയായ 'എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസി'ന് കീഴിൽ 'ഡോണ്ട് ബി ഷൈ' (Don't Be Shy) എന്ന ചിത്രം താരം പ്രഖ്യാപിച്ചു. ഇത് ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങും. അഭിനയ രംഗത്ത് 'ആൽഫ', സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' എന്നിവയാണ് ആലിയയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
