മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയപൂർവ്വം.
ചിത്രത്തിൽ ആദ്യം ഐശ്വര്യ ലക്ഷ്മിയെയായിരുന്നു നായികയായി പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് സിനിമയിൽ നിന്ന് നടി പിന്മാറിയിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണം തുറന്ന് പറയുകയാണ് ഐശ്വര്യ ലക്ഷ്മി.
ഡേറ്റ് ഇല്ലാത്തതുകൊണ്ടാണ് ഹൃദയപൂർവ്വത്തിൽ നിന്നും പിന്മാറിയതെന്ന് ഐശ്വര്യ പറഞ്ഞു. 'ഡേറ്റ് ഇല്ലായിരുന്നു. നേരത്തെ കമ്മിറ്റ് ചെയ്ത തെലുങ്ക് സിനിമയുടെ ഷൂട്ട് ഡിസംബറിൽ ഉണ്ടായിരുന്നു. അത് ഇതുവരെ തീർന്നിട്ടില്ല. എനിക്ക് ഹൃദയപൂർവ്വം വിധിച്ചിട്ടില്ല. ഡേറ്റ് ക്ലാഷ് വരുമ്പോൾ നമുക്കൊന്നും ചെയ്യാൻ കഴിയില്ല. കൊടുത്ത വാക്ക് മാറ്റാൻ കഴിയില്ലല്ലോ', ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഹൃദയപൂർവ്വം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. 'ഇനി ബിഗ് സ്‌ക്രീനിൽ കാണാം' എന്ന തലക്കെട്ടോടെ സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം മോഹൻലാൽ പങ്കുവെച്ചിരുന്നു. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും. 'ഹൃദയപൂർവ്വം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. എന്നാൽ സത്യേട്ടന്‍റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം' എന്നാണ് സിനിമയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. മാളവിക മോഹനൻ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബന്ധങ്ങളുടെ കഥ പറയുന്ന വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമായിരിക്കും ഇതെന്നാണ് നേരത്തെ സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞത്. മോഹൻലാലിനോടൊപ്പം ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സത്യൻ അന്തിക്കാട് എന്ന സംവിധായകൻ്റെ ട്രേഡ്മാർക്ക് എന്നു വിശേഷിപ്പിക്കാവുന്ന നർമ്മവും ഒപ്പം ഇമോഷനുമൊക്കെ ഈ ചിത്രത്തിലൂടെയും പ്രതീക്ഷിക്കാം. അഖിൽ സത്യൻ്റേതാണു കഥ. ടി പി സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് നാരായണൻ, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹ സംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, ഫോട്ടോ അമൽ സി സദർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്