പ്രമുഖ നടൻ ലഹരി ഉപയോഗിച്ച ശേഷം താൻ നേരിട്ട ദുരനുഭവത്തിൽ വിൻസി അലോഷ്യസ് നടൻറെ പേര് ഉടൻ വെളിപ്പെടുത്തുമെന്ന് താരസംഘടന അമ്മ. വിൻസിയുമായി സംസാരിച്ചെന്നും പേര് വെളിപ്പെടുത്തിയാൽഉടൻ നടനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അമ്മ ഭാരവാഹി ജയൻ ചേർത്തല വ്യക്തമാക്കി.
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമകൾ ചെയ്യില്ല എന്ന് നടി വിൻ സി നിലപാടെടുത്തിരുന്നു. ഒരു സിനിമാ സെറ്റിൽ വെച്ചുണ്ടായ മോശം അനുഭവം മൂലമാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും നടി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.
വിൻ സിയുടെ പ്രതികരണത്തിന്റെ പൂർണ്ണരൂപം:
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലഹരി വിരുദ്ധ ക്യാംപെയിൻ മുൻനിർത്തിക്കൊണ്ട് നടത്തിയ ഒരു പരിപാടിയിൽ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടെ ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഞാൻ ഇനി സിനിമ ചെയ്യില്ലെന്നായിരുന്നു ആ പ്രസ്താവന. ഇത് മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. എന്നാൽ ആ വാർത്തകളുടെ കമന്റുകൾ വായിച്ചപ്പോഴാണ് ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചത്. എന്തുകൊണ്ട് ഞാനാ പ്രസ്താവന നടത്തിയെന്നും എന്റെ നിലപാടുകൾ വ്യക്തമാക്കണമെന്നുമുള്ള തോന്നലിന്റെ പുറത്താണ് ഈ വീഡിയോ ചെയ്യുന്നത്.
പലതരം കാഴ്ചപ്പാടാണ് ആളുകൾക്കുള്ളതെന്ന് കമന്റുകൾ വായിച്ചപ്പോഴാണ് മനസിലായത്. വ്യക്തമായി അതിന്റെ കാരണം പറഞ്ഞാൽ ആളുകൾക്ക് പല കഥകൾ ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ. ഞാനൊരു സിനിമയുടെ ഭാഗമായപ്പോൾ ആ സിനിമയിലെ പ്രധാന താരത്തിൽ നിന്ന് നേരിടേണ്ടിവന്ന അനുഭവമാണ് ആ പ്രസ്താവനക്ക് കാരണം. അയാൾ ലഹരി ഉപയോഗിച്ച് മോശമായ രീതിയിൽ പറഞ്ഞാലും മനസിലാവാത്ത രീതിയിൽ എന്നോടും എന്റെ സഹപ്രവർത്തകയോടും പെരുമാറി. എന്റെ ഡ്രസ്സിൽ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ, 'ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം' എന്നൊക്കെ എല്ലാവരുടേയും മുന്നിൽവെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റമുണ്ടായി. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു.
വേറൊരു സംഭവം പറയുകയാണെങ്കിൽ, ഒരു സീൻ പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. സിനിമാ സെറ്റിൽ ഇതെല്ലാം ഉപയോഗിക്കുന്നുണ്ടെന്നത് വളരെ വ്യക്തമാണ്. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് അതൊരു ശല്യമായി മാറുമ്പോൾ അവർക്കൊപ്പം ജോലി ചെയ്യുന്നത് അത്ര സുഖമല്ല. എനിക്ക് അങ്ങനെ വർക്ക് ചെയ്യാൻ താത്പര്യമില്ല. അത്രയും ബോധം ഇല്ലാത്ത ഒരാൾക്കൊപ്പം വർക്ക് ചെയ്യണമെന്ന് താത്പര്യമില്ല. ഇത് എന്റെ വ്യക്തിപരമായ അനുഭവം കൊണ്ട് ഞാനെടുക്കുന്ന തീരുമാനമാണ്. ഞാൻ അൺകംഫർട്ടബിളായത് സെറ്റിൽ എല്ലാവരും അറിയുകയും സംവിധായകൻ അയാളോട് സംസാരിക്കുകയുമുണ്ടായി. പ്രധാനതാരമായി തിരഞ്ഞെടുത്ത വ്യക്തിയാണ്. അവർക്ക് എങ്ങനെയെങ്കിലും ഈ സിനിമ തീർക്കണമല്ലോ. ആ ഒരു നിസ്സഹായാവസ്ഥയും ഞാൻ കണ്ടിട്ടുണ്ടായിരുന്നു. പ്ലീസ് എന്ന് എല്ലാവരും പറഞ്ഞ് എന്നെ കംഫർട്ടാക്കിയാണ് ആ സിനിമ തീർത്തത്.
നല്ലൊരു സിനിമയായിരുന്നു അത്. പക്ഷേ ആ വ്യക്തിയിൽ നിന്നുണ്ടായ അനുഭവത്തിന്റെ പേരിലാണ് ഞാനാ തീരുമാനമെടുക്കുന്നത്. അതിന്റെ ഭാഗമായി ഓരോരോ വ്യാഖ്യാനങ്ങളാണ് ആളുകളിൽ നിന്നുണ്ടാവുന്നത്. അതിനെ നല്ല രീതിയിലെടുത്ത എല്ലാവരോടും നന്ദിയുണ്ട്. എന്തിനേയും കളിയാക്കുന്ന മറുവിഭാഗമുണ്ടല്ലോ. നിനക്കെവിടെയാണ് സിനിമ? ഇങ്ങനെ നിലപാടെടുക്കാൻ നീ ആര് സൂപ്പർസ്റ്റാർ ആണോ? സിനിമ ഇല്ലാത്തതുകൊണ്ട് ഈ കാരണവും പറഞ്ഞ് സിനിമയിൽനിന്ന് പുറത്തായി എന്ന് വരുത്തിത്തീർക്കാനുള്ള ബുദ്ധിയല്ലേ ഇത് എന്നെല്ലാം പറയുന്നവർക്കുള്ള മറുപടിയാണിത്.
സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാനല്ലേ അനുഭവിക്കേണ്ടത്. സിനിമയില്ലെങ്കിൽ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് ഞാൻ. അതുപോലെ സിനിമയാണ് എന്റെ ജീവിതം, അതില്ലാത്ത പറ്റില്ല എന്നും ചിന്തിക്കുന്ന വ്യക്തിയല്ല ഞാൻ. സിനിമ എന്റെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്. എവിടെ നിന്നാണ് വന്നതെന്നും എത്തിനിൽക്കുന്നതെന്നും ഇനി മുന്നോട്ടെങ്ങനെ പോകണമെന്നും വ്യക്തമായ ധാരണയുണ്ട്. അവസരങ്ങൾ കിട്ടുകയെന്നത് പ്രധാനമാണ്. അങ്ങനെയൊരു പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. സൂപ്പർസ്റ്റാറാണെങ്കിലും സാധാരണക്കാരനാണെങ്കിലും ഒരു നിലപാട് ഒരു വ്യക്തി എടുക്കുന്നുണ്ടെങ്കിൽ അത് നിലപാട് തന്നെയാണ്. അത് ചിന്തിക്കാനുള്ള ബോധം കമന്റിടുന്നവർക്കുണ്ടാവണം.
ലഹരി ഉപയോഗിക്കുന്നവർ വ്യക്തിജീവിതത്തിൽ എന്തും ചെയ്തോട്ടേ. പക്ഷേ പൊതുവിടത്ത് ശല്യമാകുമ്പോഴാണ് എല്ലാത്തിന്റെയും പ്രശ്നം. അങ്ങനെയുള്ളവർക്ക് പരോക്ഷമായി കൊടുക്കുന്ന പിന്തുണയാണ് എനിക്ക് കമന്റ് ബോക്സുകളിൽ കാണാനായത്. അവരെപ്പോലുള്ളവർക്ക് സിനിമകളുണ്ട്. അവരെവെച്ച് സിനിമകൾ ചെയ്യാൻ ആൾക്കാരുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് അവർക്ക് വിനോദമാണ്. എന്റെ ജീവിതത്തിൽ ആൽക്കഹോൾ, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങി എന്റെ മനസിനേയോ ആരോഗ്യത്തെയോ ബാധിക്കുന്ന ഒന്നും ജീവിതത്തിലുണ്ടാവില്ല എന്ന് അത്രയും ഉറപ്പിച്ചതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്