ശ്രീനഗര്‍: പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ മകളും മാധ്യമ ഉപദേഷ്ടാവുമായ ഇല്‍തിജ മുഫ്തി. രാജ്യത്തുടനീളമുള്ള വനിതാ നേതാക്കളെ ബിജെപി ഇത്തരത്തില്‍ ഒളിഞ്ഞുനോക്കുകയാണെന്നും ഇല്‍തിജ ആരോപിച്ചു.
തന്റെ ഫോണ്‍ പെഗാസസ് ഹാക്ക് ചെയ്തതായി ആപ്പിള്‍ കമ്പനിയില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചെന്ന് ഇല്‍തിജ പറഞ്ഞു. വിമര്‍ശകരെയും രാഷ്ട്രീയ എതിരാളികളെയും നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരാണ് ഈ സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുന്നതെന്നും ഇല്‍തിജ മുഫ്തി പറഞ്ഞു.
തങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കാത്ത വനിതാ നേതാക്കളെ 'സ്‌നൂപ്പ്' ചെയ്യാന്‍ ബിജെപി പെഗാസസ് സ്പൈവെയര്‍ ഉപയോഗിക്കുന്നുണ്ടെന്ന് മെഹബൂബ മുഫ്തിയും ആരോപിച്ചു. സ്പൈവെയര്‍ ആക്രമണത്തിന്റെ ഐഫോണ്‍ ടെക്സ്റ്റ് അലേര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ മെഹബൂബ മുഫ്തി അപ്ലോഡ് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും വാഷിംഗ്ടണ്‍ പോസ്റ്റിന്റെയും റിപ്പോര്‍ട്ട്, ഉന്നത മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ സന്ദേശങ്ങള്‍, ഫോട്ടോകള്‍, കോളുകള്‍ എന്നിവ ചോര്‍ത്താനും ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യാനും ഈ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
കേന്ദ്ര സര്‍ക്കാര്‍ പെഗാസസ് ഉപയോഗിക്കുന്നെന്ന ആരോപണം 2021 ല്‍ നിഷേധിച്ചു. അതേസമയം, ആംനസ്റ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല. ഇസ്രായേലി സൈബര്‍-ഇന്റലിജന്‍സ് സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പാണ് പെഗാസസ് സ്‌പൈവെയര്‍ വികസിപ്പിച്ചെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്