റായ്പൂര്‍: ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ് തന്റെ വസതിയില്‍ നടത്തിയ ഇഡി റെയ്‌ഡെന്ന് ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. പ്രതിപക്ഷത്തെ പീഡിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും ബാഗേല്‍ പറഞ്ഞു.
രാവിലെ 7:30 ന് ചായ കുടിക്കുന്നതിനിടെ ഇഡി ഉദ്യോഗസ്ഥര്‍ തന്റെ ദുര്‍ഗിലെ വസതിയില്‍ എത്തിയെന്ന് ബാഗേല്‍ പറഞ്ഞു. എഫ്ഐആറിന് സമാനമായ ഇസിഐആര്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
'ഇഡിയുടെ കൈവശം എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) നമ്പര്‍ ഇല്ല. ഞങ്ങള്‍ അത് ആവശ്യപ്പെട്ടപ്പോള്‍. അവര്‍ക്ക് ഉത്തരമില്ലായിരുന്നു. ഏഴ് വര്‍ഷം മുമ്പ്, എനിക്കെതിരെ ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കപ്പെട്ടു. സുപ്രീം കോടതി എന്നെ സ്വതന്ത്രനാക്കിയതിനാല്‍ ആ കേസില്‍ ഒന്നും കണ്ടെത്തിയില്ല. ഇപ്പോഴും അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല,' ബാഗേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഛത്തീസ്ഗഡ് നിയമസഭയില്‍ പങ്കെടുക്കാനോ ഫോണ്‍ ഉപയോഗിക്കാനോ അനുവദിച്ചില്ലെന്നും ബാഗേല്‍ ആരോപിച്ചു. 'ഇന്ന് നിയമ സഭയിലേക്ക് പോകാന്‍ അവര്‍ എന്നെ അനുവദിച്ചില്ല. ഫോണില്‍ സംസാരിക്കുന്നതും അവര്‍ തടഞ്ഞു. എന്റെ മകളും മകനും മരുമകളും പേരക്കുട്ടികളും ഇവിടെയാണ് താമസിക്കുന്നത്. 140 ഏക്കര്‍ ഭൂമിയിലെ കൃഷിയിലൂടെയാണ് ഞങ്ങള്‍ പ്രധാനമായും വരുമാനം നേടുന്നത്,' അദ്ദേഹം പറഞ്ഞു.
മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് ഭൂപേഷ് ബാഗേലിന്റെയും മകന്‍ ചൈതന്യയുടെയും വസതികള്‍ ഉള്‍പ്പെടെ ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലെ 14 സ്ഥലങ്ങളില്‍ ഇന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്