മുംബൈ: ഛത്രപതി സംഭാജി നഗറിലെ മുഗള്‍ രാജാവ് ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പിന്തുണച്ചു. എന്നാല്‍ അത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നമ്മളെല്ലാവരും ഇതുതന്നെയാണ് ആഗ്രഹിക്കുന്നത്, പക്ഷേ നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ അത് ചെയ്യേണ്ടതുണ്ട്, കാരണം ഇത് ഒരു സംരക്ഷിത സ്ഥലമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് ഭരണകാലത്ത് ഈ സ്ഥലം എഎസ്‌ഐയുടെ സംരക്ഷണത്തിലായിരുന്നു,' മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.
ഛത്രപതി സംഭാജി നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ബിജെപിയുടെ സത്താറ എംപി ഉദയ രാജെ ഭോസ്‌ലെയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മറാഠ രാജാവ് ഛത്രപതി ശിവാജി മഹാരാജിന്റെ പിന്‍ഗാമിയാണ് ഉദയ രാജെ ഭോസ്ലെ.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ട് സമാജ്വാദി പാര്‍ട്ടിയുടെ അബു അസ്മി വിവാദം സൃഷ്ടിച്ചതിന് ഒരാഴ്ച കഴിഞ്ഞാണ് ഇത്. ഔറംഗസേബ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നുവെന്നും അദ്ദേഹം ക്രൂരനായ ഒരു ചക്രവര്‍ത്തിയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിജെപി നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ നവനീത് റാണയും ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഔറംഗസേബിനെ പ്രശംസിച്ചതിന്റെ പേരില്‍ മാര്‍ച്ച് 26 ന് ബജറ്റ് സമ്മേളനം അവസാനിക്കുന്നതുവരെ അസ്മിയെ മഹാരാഷ്ട്ര നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്