പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവും തമ്മില്‍ നിയമസഭയില്‍ ചൂടേറിയ ഏറ്റുമുട്ടല്‍. നിതീഷ് അങ്ങോട്ടുമിങ്ങോട്ടും ചാടുന്നയാളാണെന്ന് തേജസ്വി യാദവ് ആരോപിച്ചു. തേജസ്വിയുടെ പിതാവ് ആര്‍ജെഡി മേധാവി ലാലു പ്രസാദ് യാദവ് രാഷ്ട്രീയത്തില്‍ വളര്‍ന്നതിന് താനാണ് ഉത്തരവാദിയെന്ന് കുമാര്‍ തിരിച്ചടിച്ചു.
'മുമ്പ് ബിഹാറില്‍ എന്തായിരുന്നു? നിങ്ങളുടെ അച്ഛനെ ഇപ്പോവത്തേതു പോലെ ആക്കിയത് ഞാനാണ്. നിങ്ങളുടെ ജാതിയിലുള്ളവര്‍ പോലും ഞാന്‍ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് എന്നോട് ചോദിക്കുന്നുണ്ടായിരുന്നു, പക്ഷേ ഞാന്‍ അപ്പോഴും അദ്ദേഹത്തെ പിന്തുണച്ചു.' ചര്‍ച്ചയ്ക്കിടെ, തേജസ്വിയെ പരിഹസിച്ചുകൊണ്ട് നിതീഷ് കുമാര്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവായ തേജസ്വി യാദവ്, 2005 ന് മുമ്പുള്ള ബിഹാറിന്റെ ചരിത്രത്തെക്കുറിച്ചുള്ള നിതീഷ് കുമാറിന്റെ വിവരണത്തെ ചോദ്യം ചെയ്തു. ഭരണ പരാജയങ്ങളെ ന്യായീകരിക്കാന്‍ കുമാര്‍ രാഷ്ട്രീയ ബന്ധം ആവര്‍ത്തിച്ച് മാറ്റുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ആര്‍ജെഡിയും ജെഡിയുവും പരസ്പരം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. 2024 ജനുവരി വരെ ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായും സഖ്യത്തിലായിരുന്ന നിതീഷ് കുമാര്‍, മഹാസഖ്യത്തില്‍ നിന്ന് പിരിഞ്ഞ് ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ വീണ്ടും ചേരുകയായിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍, ജെഡി(യു) മേധാവിക്കായി ഇന്ത്യ സഖ്യത്തിന്റെ വാതിലുകള്‍ തുറന്നിട്ടുണ്ടെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു. ലാലു പ്രസാദ് യാദവിന്റെ ക്ഷണം നിതീഷ് കുമാര്‍ ശക്തമായി നിരസിച്ചു. 'ഞങ്ങള്‍ (ജെഡിയു) രണ്ടുതവണ തെറ്റായി വഴിമാറി. ഇപ്പോള്‍, ഞങ്ങള്‍ എന്‍ഡിഎയില്‍ ഒരുമിച്ച് നില്‍ക്കുകയും വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും,' നിതീഷ് കുമാര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്