വിമര്‍ശനം തെല്ലുമില്ല; നയിക്കാന്‍ പിണറായി തന്നെയെന്ന് ഉറപ്പിച്ച് സംസ്ഥാന സമ്മേളനം

MARCH 9, 2025, 9:30 AM

കൊല്ലം: അടുത്ത തിരഞ്ഞെടുപ്പിലും സി.പി.എമ്മിനെ നയിക്കുക പിണറായി വിജയന്‍ തന്നെയെന്ന് ഉറപ്പിച്ച് സംസ്ഥാന സമ്മേളനം. നാല് ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ ഒരു വിമര്‍ശനശബ്ദം പോലും പിണറായിക്ക് നേരെ ഉയര്‍ന്നിരുന്നില്ല. മന്ത്രിമാര്‍ക്കും പാര്‍ട്ടി സെക്രട്ടറിക്കും വരെ വിമര്‍ശനമുയര്‍ന്നിട്ടും മുഖ്യമന്ത്രിക്ക് നേരെ ശബ്ദമുയര്‍ന്നില്ലെന്നുമാത്രമല്ല, കിട്ടിയതൊക്കെ കയ്യടികളായിരുന്നു.

പാര്‍ട്ടിക്ക് മറ്റൊരു ക്യാപ്റ്റനെ കാട്ടാനില്ലെന്ന പ്രതീതിയാണ് പിണറായിക്ക് ലഭിച്ച തുടര്‍കയ്യടികള്‍. പിണറായിയോളം കരുത്തനായ മറ്റൊരു സി.പി.എം നേതാവിനെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് അടുത്തകാലത്തൊന്നും സാധിക്കുന്നില്ലെന്ന് വിലയിരുത്തുന്നുണ്ട് രാഷ്ട്രീയ കേന്ദ്രങ്ങള്‍. വിമര്‍ശനാതീതമായി പിണറായിക്ക് കിട്ടുന്ന അംഗീകാരം ഇതിന് സാക്ഷ്യവുമാണ്. എണ്‍പതാം വയസിലേക്ക് കടക്കുന്ന പിണറായി തന്നെ നയിക്കണമെന്ന് ഉറപ്പിക്കുകയാണ് സി.പി.എം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെയുള്ള മന്ത്രിമാരുടെ പ്രകടനം അത്ര പോരെന്നും സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. മാത്രമല്ല മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സാഹചര്യമുണ്ടായിട്ട് അതിനെ വേണ്ടവിധം മന്ത്രിമാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല എന്നും ചില പ്രതിനിധികളുടെ ഭാഗത്തുനിന്ന് വിമര്‍ശനം വന്നു. കണ്ണൂരുകാര്‍ക്ക് പാര്‍ട്ടിയിലുള്ള അപ്രമാദിത്വം, പ്രത്യേകിച്ച് സ്ഥാനമാനങ്ങളുടെ കാര്യത്തിലുള്ള വിവേചനവും എന്നിവ ചൂണ്ടിക്കാട്ടി ഒരംഗം വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. 'മെറിറ്റ് മെറിറ്റ്' എന്ന് എപ്പോഴും പറയുന്ന സംസ്ഥാന സെക്രട്ടറി എങ്ങനെയാണ് മെറിറ്റ് നിശ്ചയിക്കുന്നതെന്ന്, കണ്ണൂരിനുള്ള ആധിപത്യം ചൂണ്ടിക്കാട്ടി എം.വി ഗോവിന്ദന് നേരെയും വിമര്‍ശനമുണ്ടായി.

ജില്ലാസമ്മേളനങ്ങളില്‍ പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരേ ഉയര്‍ന്ന കടുത്തവിമര്‍ശനം സംസ്ഥാന സമ്മേളനത്തില്‍ കണ്ടതേയില്ല. മറിച്ച് മുഖ്യമന്ത്രിയെ പ്രശംസിക്കുന്ന കാഴ്ചയാണ് കൊല്ലത്ത് കണ്ടത്. തുടര്‍ഭരണത്തില്‍ മുഖ്യമന്ത്രിയൊഴികെ മറ്റൊരുമന്ത്രിയും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി. അതേസമയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമുതല്‍ പാര്‍ട്ടി സെന്ററിലെ ഓഫീസ് സെക്രട്ടറിവരെ കണ്ണൂരില്‍നിന്നാണെന്നായിരുന്നു പ്രതിനിധികള്‍ ഉയര്‍ത്തിയ മറ്റൊരു വിമര്‍ശം. എതായാലും സര്‍ക്കാരിന്റെ നായകനെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിനിധികള്‍ മതിപ്പാണ് രേഖപ്പെടുത്തിയത്. അതാണ് വീണ്ടും ക്യാപ്റ്റനായി പിണറായി എത്തുമെന്ന സൂചന നല്‍കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam